കിളിമാനൂർ: പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു പാലം. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഹാദേവേശ്വരം വാർഡിലായിട്ടാണ് ചിറ്റാറിന് കുറുകെ ഇരപ്പിൽ പാലം നിർമ്മാണം ആരംഭിച്ചത്. ലോക ബാങ്കിന്റെ സഹായത്തോടെ 23 ലക്ഷം ചിലവിട്ടാണ് 2016-17 സാമ്പത്തിക വർഷം പണി ആരംഭിച്ചത്. വണ്ടന്നൂർ, കടുമാൻ കുഴി, കുഴിവിള, ഇരപ്പിൽ പ്രദേശങ്ങളിൽ ഉള്ളവർക്ക് കിളിമാനൂർ ടൗണുമായി ബന്ധപ്പെടാനുള്ള മാർഗമാണ് പാലംപണിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. അക്കരയിക്കരെ ചെമ്മൺ പാതകൾ നിലവിൽ ഉണ്ട്. വലിയ വിള ഭാഗത്തുള്ള നിരവധി കുടുംബങ്ങൾക്ക് ചിറ്റിലഴികം വഴി കിളിമാനൂരിൽ എത്തണമെങ്കിൽ ചിറ്റാറിലൂടെ നടന്ന് കയറേണ്ട സ്ഥിതിയാണുള്ളത്. മഴക്കാലത്ത് ചിറ്റാർ കരകവിഞ്ഞൊഴുകുന്നത് കാരണം വലിയ വിള ഭാഗത്തുള്ളവർക്ക് പുറം ലോകത്ത് എത്തുവാൻ കിലോമീറ്ററുകൾ ചുറ്റേണ്ട ദുരവസ്ഥയാണ്. കുട്ടികൾക്ക് സ്കൂളുകളിൽ ഉൾപ്പെടെ പോകാനും കഴിയുന്നില്ല. യാത്രാ സൗകര്യം ഇല്ലാത്തതിനാൽ ഇവിടുള്ളവർക്ക് അർഹമായ മംഗല്യഭാഗ്യം പോലും ലഭിക്കുന്നില്ല. നിലവിൽ പാലത്തിനായി ചിറ്റാറിന്റെ ഇരുകരകളിൽ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ച തൊഴിച്ചാൽ മറ്റു പണികൾ ഒന്നും നടന്നിട്ടില്ല. അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പണി പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥ ആയതോടെ കരാറുകാരൻ പണി നിർത്തിവച്ചിരിക്കുകയാണ്.