ഓരോന്നിനും അതിന്റേതായ സമയമുണ്ട്, ദാസാ എന്ന് പറയുന്ന വിജയന്മാരെ കണ്ടിട്ടുണ്ടാവും. മഹാസാധു പിണറായി വിജയൻ സഖാവ് അജ്ജാതി വിജയനല്ല. സമയം, നേരം, കാലം എന്നിത്യാദി കാര്യങ്ങൾ കിറുകൃത്യമാണ് സഖാവിന്. നേരവും സമയവും കാലവും തെറ്റിച്ച് കോലും നീട്ടിപ്പിടിച്ചെത്തുന്ന സിൻഡിക്കേറ്റുകളെ കണ്ടാൽ ആട്ടിപ്പായിക്കാൻ സഖാവ് മുൻപിൻ ആലോചിക്കാറില്ല. സിൻഡിക്കേറ്റുകൾക്ക് അത്തരം ചിന്തയോ വിവേചനബുദ്ധിയോ ലവലേശമില്ലാത്തത് കൊണ്ടാണ് സഖാവിന് മുന്നിൽ എപ്പോഴും വന്നുവീഴുന്നത്.
ഇന്നാളൊരിക്കൽ, മാനനീയ കുമ്മനംജിയുമായും കോടിയേരി സഖാവുമായും സമാധാന ഉച്ചകോടിക്ക് വട്ടംകൂട്ടി വരവേ, ഇതേ കോലുമായെത്തിയ സിൻഡിക്കേറ്റുകളോട് പി. സഖാവ് കല്പിച്ചതായിരുന്നു. കടക്കുക പുറത്തെന്ന് കല്പിക്കും ഗോത്രമുഖ്യനെ കണ്ടപാടേ, സിൻഡിക്കേറ്റുകൾ കണ്ടംവഴി ഓടിപ്പോയതാണ്. അന്നൊരു പാഠം പഠിച്ചിരിക്കുമെന്നാണ് സഖാവ് കരുതിയത്. പാഠം പഠിക്കാൻ മാത്രമുള്ള സ്ഥലകാലബോധം സിൻഡിക്കേറ്റുകൾക്കില്ലാതെ പോയതിന് പി. സഖാവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനാധിപത്യം എന്നു പറഞ്ഞാലത്, വിജയനിലെ 'ജ'യും 'ന'യും മാത്രം കൂടിക്കുഴഞ്ഞുണ്ടാകുന്ന സാധനമാണെന്ന ബോധമുണ്ടായാൽ തീരുന്ന പ്രശ്നമേയുള്ളൂ. ആ ബോധം പക്ഷേ ഇവറ്റകൾക്ക് എന്നുണ്ടാവാനാണ്!
അതുകൊണ്ടെന്തുണ്ടായി? കുത്തിയിട്ട വോട്ടുകളെല്ലാം പെട്ടിയിലായതിന്റെ പിറ്റേന്ന് പതിവുപോലെ കോലുമെടുത്ത് സിൻഡിക്കേറ്റുകൾ ഇറങ്ങിത്തിരിച്ചു. നേരേ ചെന്നുപെട്ടത് പി. സഖാവിന്റെ മടയിൽ. പോളിംഗ് കൂടിയതെന്തുകൊണ്ട് എന്ന് പി. സഖാവിനോട് ചോദിച്ചാൽ, പോൾ ചെയ്തവരുടെ എണ്ണം കൂടിയതുകൊണ്ട് എന്ന ഉത്തരം കിട്ടുമെന്നാണ് സിൻഡിക്കേറ്റുകൾ ധരിച്ചത്. വോട്ട് കുത്തുന്നതിന് തലയ്ക്ക് തലേന്ന് സഖാവ് ചിരിച്ചും രസിച്ചും കുശലം പറഞ്ഞിരുന്നത് കൊണ്ടുണ്ടായ ധാരണപ്പിശകായിരുന്നു അത്. പക്ഷേ അന്യനായി മാറാൻ പ്രത്യേകിച്ചൊരു കാരണം വേണ്ടതില്ലല്ലോ. പോരാത്തതിന് വോട്ടുകുത്തൽ കലാപരിപാടി അവസാനിക്കുകയും ചെയ്തു. കണ്ടിട്ടും പഠിക്കാത്ത സിൻഡിക്കേറ്റുകൾ കൊണ്ടിട്ട് തന്നെ അറിയണമെന്നാണ് പ്രമാണം. അതിനാലാണ് മാറി നിൽക്കൂ അങ്ങോട്ട് എന്ന് അങ്ങേയറ്റത്തെ വിനയത്തോടെ പി. സഖാവ് മൊഴിഞ്ഞത്. സിൻഡിക്കേറ്റുകൾ വീണ്ടും കണ്ടം വഴി ഓടിപ്പോയെന്ന് സഖാവ് തെറ്റിദ്ധരിക്കാൻ വരട്ടെ. കാലമിനിയുമുരുളം, വിഷു വരും, വർഷം വരും... എന്നല്ലേ കവി പാടിയിട്ടുള്ളത്. അതുകൊണ്ട് പി. സഖാവിനെ തേടി സിൻഡിക്കേറ്റുകൾ വന്നില്ലെങ്കിലും സിൻഡിക്കേറ്റുകളെ തേടി സഖാവ് വരുന്നൊരു കാലം വരാതിരിക്കില്ലെന്ന് ചിന്തിച്ചാൽ സഖാവിനും കൊള്ളാം, സിൻഡിക്കേറ്റുകൾക്കും കൊള്ളാം.
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റെണ്ണം ഇരുപത് പോരെന്നായിട്ടുണ്ട്. മിനിമം നാല്പതെങ്കിലും ഉണ്ടായാലേ ഒരുവിധമെങ്കിലും പിടിച്ചുനിൽക്കാനൊക്കൂ. അതിൽ കൂടിയാലും തരക്കേടുണ്ടാവില്ല. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടാൻ മാത്രമുള്ള ശേഷിയോ ശേമുഷിയോ ദൈവത്തിന്റെ സ്വന്തം നാടിന് ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്കാണിത് പറയുന്നത്.
മുല്ലപ്പള്ളിഗാന്ധിയുടെയും ചെന്നിത്തലഗാന്ധിയുടെയും കണക്കിൽ അണ പൈ തെറ്റ് വരാറില്ല. അത് ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് തുളസിയില നുള്ളിയിട്ട പച്ചവെള്ളം ചവച്ചരച്ച് കുടിച്ച് രഘുപതി രാഘവ പാടി ചർക്കയിൽ നൂൽനൂറ്റ്, ആട്ടിൻപാൽ സേവിച്ച ശേഷം കണക്കുപുസ്തകം തുറന്ന് കൂട്ടലും കിഴിക്കലും നടത്തുന്നത് കൊണ്ടാണ്. ആ കണക്കിലാണ് 20 സീറ്റ് കണ്ടിരിക്കുന്നത്. രാഹുൽമോന്റെ അപഹാരം ഇടതന്മാരെ നല്ലപോലെ ബാധിച്ചിട്ടുണ്ടെന്നാണ് മുല്ലപ്പള്ളി പറയുന്നത്.
കോടിയേരി സഖാവ് ഇത് കേട്ടിട്ട് ചിരിക്കാനോ കരയാനോ വയ്യാത്ത പരുവത്തിലായിപ്പോയെന്നാണ് വർത്തമാനം. സഖാവിന്റെ കണക്കുപുസ്തകത്തിനകത്ത് ചുവപ്പുവരയിട്ട് വച്ചിരിക്കുന്നത് 18 ആണ്. രാഹുൽമോനും കുഞ്ഞാലിക്കുട്ടി സായ്വും ജയിച്ചോട്ടെ എന്ന ഔദാര്യം സഖാവിൽ ഉണ്ടായതു കൊണ്ട് മാത്രം പത്തൊമ്പതാമത്തെ സീറ്റ് വേണ്ടെന്ന് വച്ചതാണ്. എന്നുവച്ച് തീർത്തും വേണ്ടാന്ന് വച്ചിട്ടുമില്ല. സഖാവിന് എല്ലാം നേരേ വാ, നേരേ പോ മട്ടായത് കൊണ്ടും വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ അടിയുറച്ച് നിൽക്കുന്നത് കൊണ്ടും 18ൽ തത്കാലം ഒതുങ്ങിയെന്നേയുള്ളൂ.
സുവർണാവസരം പിള്ളച്ചേട്ടന്റെ താമരക്കണക്കിൽ കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ രണ്ടാണ് കാണുന്നത്. സാഹചര്യം ഇതായിരിക്കെ തിരഞ്ഞെടുപ്പ് കമ്മിഷൻ കനിവുണ്ടായി കേരളത്തിൽ നാല്പതെങ്കിൽ നാല്പത് എന്ന കണക്കിൽ സീറ്റെണ്ണം കൂട്ടി ഉത്തരവാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്തെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് ആര് പറഞ്ഞില്ലെങ്കിലും കക്കാടംപൊയിലിലെ കറകളഞ്ഞ പരിസ്ഥിതിവാദിയും സർവോപരി കൂടരഞ്ഞിക്കാരുടെ മഹാബലിയുമായ പി.വി. അൻവർ സാഹിബ് പറയും. നിങ്ങൾ വാക്ക് മാറ്റിയോ എന്ന് സിൻഡിക്കേറ്റുകാർ ചോദിച്ചാൽ, എന്റെ വാക്ക് മാറ്റാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ലെന്ന് പറയുന്ന നിങ്ങളാണോ സ്വാതന്ത്ര്യത്തെപ്പറ്റി ബഹളം കൂട്ടുന്നത് എന്ന് ചോദിക്കാൻ അൻവർ സാഹിബിന് അറിയാം. അതുകൊണ്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റാൽ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവച്ചോളാമെന്ന് അൻവർ സാഹിബ് പറഞ്ഞത്. എം.എൽ.എ സ്ഥാനം രാജിവച്ചോളാമെന്നേ പറഞ്ഞുള്ളൂ. അല്ലാതെ തോറ്റാൽ പോയി മൊട്ടയടിച്ചോളാമെന്നൊന്നും പറഞ്ഞിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ അൻവർ സാഹിബ് പറയുന്നത്, എം.എൽ.എ സ്ഥാനം രാജിവയ്ക്കുമെന്ന മോഹം ആർക്കെങ്കിലുമുണ്ടെങ്കിൽ ആ വെള്ളമങ്ങ് മാറ്റി വച്ചേക്കൂ എന്നാണ്. എം.എൽ.എസ്ഥാനം രാജിവയ്ക്കുമെന്ന് പറഞ്ഞാൽ രാജി വയ്ക്കണമെന്ന് അതിനർത്ഥമില്ല എന്നറിയാത്ത ശുദ്ധാത്മാക്കൾ മാത്രമേ അൻവർ സാഹിബിനെ സംശയിക്കാനിടയുള്ളൂ. അത് സാഹിബിന്റെ കുറ്റമല്ല.
ഇ-മെയിൽ: dronar.keralakaumudi@gmail.com