manavadarshanam

ഒരു വിദേശ വനിത സന്ദർശകയായെത്തി. മദ്ധ്യവയസ്‌ക. നാലഞ്ചുദിവസം ഗുരുകുലത്തിൽ താമസിച്ച് എന്തൊക്കെയോ മനസിലാക്കണമത്രേ. താമസിക്കാൻ സൗകര്യം കൊടുത്തു.

അവർ എന്റെ മുറിയിലെത്തി. ഞാൻ ചോദിച്ചു,

''എന്താണ് വരവിന്റെ ഉദ്ദേശ്യം?"

''പ്രധാനമായിട്ടും എനിക്കൊരു കാര്യമറിയണം."

''എന്താണത്?"

''എനിക്കൊരു രോഗമുണ്ട്. സ്‌തനാർബുദമാണ്. എനിക്കിതുണ്ടായതിന്റെ കാരണമറിയണം. യുക്തിക്കു ചേരുന്ന കാരണമറിയണം."

''ഡോക്ടർമാരെ കണ്ടാൽ അവർ ഇതിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുമല്ലോ."

''മെഡിക്കൽ സയൻസ് കണ്ടെത്തുന്ന കാരണമല്ല എനിക്കറിയേണ്ടത്."

''പിന്നെന്തു കാരണമാണ്?"

''സ്‌ത്രീയെ സംബന്ധിച്ചിടത്തോളം സ്‌തനം വളരെ പ്രധാനമാണ്. കുഞ്ഞിനെ പാലൂട്ടാനുള്ള അവയവമാണത്. അതിൽ ഇങ്ങനെ സംഭവിക്കാൻ കാരണമെന്ത്?"

''നിങ്ങളും നിങ്ങളുടെ സ്‌തനവുമൊക്കെ ആകെയുള്ള പ്രകൃതിയിൽ പെട്ടതാണ്. ആ പ്രകൃതിയിൽ എന്തു സംഭവിക്കുമെന്നും എന്തു സംഭവിച്ചുകൂടാ എന്നും ആർക്കും അറിയില്ല. അതുകൊണ്ട് പ്രകൃതിയുടെ ഒരു വികൃതിയാണെന്നു കണ്ട് സമാധാനിച്ചാൽ പോരേ?"

''പോരാ. ജർമ്മനിയിലും മറ്റും ഇപ്പോൾ പുതിയൊരു ശാസ്‌ത്രം വളർന്നു വരുന്നു - 'ടോട്ടൽ ബയോളജി." ആ ശാസ്ത്രം ആധുനിക വൈദ്യശാസ്ത്രത്തിന്റെ തലത്തിനപ്പുറത്തു പോകുന്നതാണ്. അതിലെ വിദഗ്ദ്ധന്മാർ പറയുന്നത്, എന്റെ പൂർവികന്മാരിൽ നിന്നു കിട്ടിയതായിരിക്കണം ഇതെന്നാണ്."

''പൂർവികരിൽ നിന്നും കിട്ടിയിട്ടുള്ളതല്ലാത്തതായി എന്തുണ്ട് നമ്മളിൽ? ഇരിക്കട്ടെ, ഇങ്ങനെയൊരു കാരണം നിങ്ങൾ ചിന്തിച്ചു കണ്ടെത്തിയെന്നുമിരിക്കട്ടെ. അതുകൊണ്ട് നിങ്ങളുടെ രോഗം മാറിക്കിട്ടുമോ? നിങ്ങൾക്കെന്താണിപ്പോൾ പ്രധാനം? രോഗം മാറിക്കിട്ടണമോ, വൈദ്യശാസ്ത്രങ്ങൾക്കൊന്നുമറിയാത്ത രോഗകാരണം കണ്ടെത്തണമോ?"

''എനിക്കു രോഗകാരണം കണ്ടെത്തണം."

''അതിനുള്ള വിദ്യ എനിക്കറിയില്ല. എനിക്കറിയാവുന്നത് ഇത്രയുമാണ്: നമുക്കൊക്കെ നമ്മുടെ ബുദ്ധിവച്ചു കൊണ്ട് ചിന്തിച്ചു മനസിലാക്കാവുന്നത് അല്പം മാത്രം. മനസിലാക്കാനാവാത്തതോ അനന്തവിസ്തൃതിയുള്ളത്. സകലതിനും കാരണം കണ്ടെത്താൻ ശ്രമിക്കുന്ന നമ്മളും നമ്മുടെ ബുദ്ധിയുമൊക്കെ അനന്ത വിസ്തൃതിയുള്ളതും അജ്ഞേയവുമായ ഒരാഴിക്കെട്ടിൽ നിന്നു വെളിപ്പെട്ടു വരുന്ന ചെറു തീപ്പൊരികൾ മാത്രം. അതിലൊരു തീപ്പൊരി മാത്രമായ ബുദ്ധിവച്ചുകൊണ്ട് ആ ആഴിക്കെട്ടിന്റെ സ്വഭാവവും അതിൽ എന്തെല്ലാം നടക്കുമെന്നും നടക്കില്ല എന്നും കണ്ടെത്താൻ ശ്രമിക്കുന്നത് അല്പരായ നമ്മുടെ അഹന്തകൊണ്ടു മാത്രമാണ്."