red-23

സന്ധ്യ.

സൂസൻ, പാഞ്ചാലിയുടെ മുറിയിലെത്തി. അവൾ വളരെയേറെ സന്തോഷവതിയും ഉത്സാഹവതിയുമാണെന്ന് സൂസൻ മനസ്സിലാക്കി.

ഉള്ളുകൊണ്ട് സൂസൻ ആഹ്ളാദിച്ചു.

''എന്താ ആന്റീ?"

പാഞ്ചാലി അവളെ നോക്കി.

''ഞാനൊന്ന് പുറത്തു പോകുകയാ. എന്റെ കൂടെ ചന്ദ്രകലയും ഉണ്ടാവും. അവൾക്ക് നമ്മൾ രണ്ടുപേരിലും സംശയമൊന്നും തോന്നരുതല്ലോ. അതുകൊണ്ടാണു ഞാൻ ഒപ്പം കൂട്ടുന്നത്."

പാഞ്ചാലി തലയാട്ടി.

സൂസൻ തുടർന്നു:

''ചിലപ്പോൾ ഞങ്ങൾ വരാൻ അല്പം വൈകിയേക്കും. സ്റ്റോറി ഡിസ്‌കഷൻ ഉണ്ട്. മോൾക്ക് രാജമ്മ ഇവിടെ കൂട്ടിനുണ്ടാവും. വിശക്കുന്നെങ്കിൽ ഭക്ഷണം കഴിക്കണം."

''ശരി." പാഞ്ചാലി സമ്മതിച്ചു.

മമ്മി എത്രസമയം ഇവിടെയില്ലയോ അത്രയും നല്ലതെന്ന് അവൾ കരുതി.

ചന്ദ്രകലയുടെ കാറിലായിരുന്നു യാത്ര. ഡ്രൈവു ചെയ്തതും അവൾ തന്നെ.

ഇരുട്ടിൽ, വെളിച്ചത്തിന്റെ ഒരു തുരങ്കം സൃഷ്ടിച്ചുകൊണ്ട് കാർ കരുളായി പുഴക്കരയിലെ വാഴത്തോപ്പിനുള്ളിലേക്കു കയറി.

അകലെ ശ്രീനിവാസ കിടാവിന്റെ ഫാം ഹൗസിനെ വെളിച്ചം തൊട്ടുഴുഞ്ഞു.

പ്രജീഷും കിടാവും അവരെ കാത്തിരിക്കുകയായിരുന്നു.

ചന്ദ്രകല, പ്രജീഷിന്റെ അടുത്തും സൂസൻ, കിടാവിന്റെ അരുകിലും ഇരുന്നു.

പ്രജീഷ് ഒരു കുപ്പി ഷാംപെയ്‌ൻ എടുത്ത് രണ്ടു ഗ്ളാസുകളിൽ പകർന്ന് സ്ത്രീകൾക്കു നീട്ടി.

''താങ്ക്‌സ്."

ഇരുവരും ഗ്ളാസുകൾ വാങ്ങി ഒന്നു സിപ്പു ചെയ്തു.

''എന്തായി കാര്യങ്ങൾ? രണ്ടാം ഘട്ടവും കഴിഞ്ഞെന്ന് സൂസൻ ഫോണിലൂടെ പറഞ്ഞല്ലോ."

കിടാവ് തല ചെരിച്ച് അവളെ നോക്കി.

''അതെ." അവൾ ഷാംപെയ്‌ൻ ഒരിറക്കു കൂടി അകത്താക്കി.

ശേഷം കാര്യങ്ങൾ വിസ്തരിച്ചു പറഞ്ഞു.

എല്ലാവർക്കും സന്തോഷമായി.

''അപ്പോൾ നമ്മൾ ലക്ഷ്യത്തിന് വളരെ അടുത്തെത്തിയിരിക്കുന്നു." പ്രജീഷ് ഉറക്കെ ചിരിച്ചു.

''അതെ... പക്ഷേ...."

ശ്രീനിവാസ കിടാവ് ഒന്നു നിർത്തി. മറ്റുള്ളവരുടെ കണ്ണുകൾ അയാളുടെ മുഖത്തു തറഞ്ഞു.

കിടാവ് തുടർന്നു:

''രാമഭദ്രന്റെ അനുജന്മാർക്ക് ഇപ്പോൾത്തന്നെ ചില സംശയങ്ങളുണ്ടല്ലോ. അതുകൊണ്ട് വളരെ ശ്രദ്ധയോടും സ്വാഭാവികമായും വേണം കാര്യം കൈകാര്യം ചെയ്യേണ്ടത്."

''അതൊക്കെ എനിക്ക് വിട്ടേര് സാറേ... ആർക്കും ഒന്നിനും ഒരു സംശയവും തോന്നില്ല."

പ്രജീഷിന്റെ ഉറപ്പ്.

പുറത്ത് വാഴത്തോപ്പിൽ വവ്വാലുകളുടെ ചിറകടിയൊച്ച.

വാഴക്കൂമ്പുകളിൽ നിന്ന് തേൻ നുകരുവാൻ എത്തിയിരിക്കുകയാണ് അവറ്റകൾ.

കരുളായി നദിയിൽ നിന്ന് വീശി വന്ന കാറ്റ് ജനാലയിലൂടെ അകത്തേക്ക് അടിച്ചുകയറി.

സൂസന്റെ മുടിയിഴകൾ ഇളകി നെറ്റിയിലേക്കു വീണു. ഒരു കൈ കൊണ്ട് അത് മാടിയൊതുക്കിയിട്ട് അവൾ കിടാവിനോട് അല്പം കൂടി ചേർന്നിരുന്നു. പിന്നെ പറഞ്ഞു.

''പ്രജീഷ്. അപ്പോൾ ഞാൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ച കാര്യം. എനിക്കെന്തു തരും?"

പ്രജീഷും ചന്ദ്രകലയും പരസ്പരം നോക്കി. ചന്ദ്രകല പുരികം ഒന്നനക്കി. പ്രജീഷിന് അത് മനസ്സിലായി.

അയാൾ അറിയിച്ചു.

''അൻപത്. അരക്കോടി..."

സൂസൻ ചുണ്ടു പിളർത്തി.

''പോരല്ലോ പ്രജീഷേ.. എന്റെ കണക്കനുസരിച്ച് രാമഭദ്രന് അൻപത് കോടിയിൽ കൂടുതൽ ആസ്തിയുണ്ട്. ആ പെണ്ണ് പാഞ്ചാലി മരിച്ചുകഴിഞ്ഞാൽ അത്രയും സമ്പത്ത് കലയുടെ കയ്യിൽ വന്നുചേരും. അപ്പോൾ നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക്. എന്നോട് പറഞ്ഞത് തീരെ കുറവല്ലേ?"

പ്രജീഷിന്റെ ഉള്ളിൽ കോപം തിളച്ചു പൊങ്ങി. എങ്കിലും അത് അയാൾ പുറത്തു കാണിച്ചില്ല. 'നിനക്ക് ഞാൻ വച്ചിട്ടുണ്ട്" എന്ന് മനസ്സിൽ ഉരുവിടുകയും ചെയ്തു.

പൊടുന്നനെ ചന്ദ്രകല ഇടപെട്ടു.

''സൂസന് ഒന്ന്. ഒരു കോടി."

''സമ്മതം." സൂസൻ ചിരിച്ചു.

വീണ്ടും ഷാംപെയ്‌ൻ ഗ്ളാസുകൾ നിറയുകയും ഒഴിയുകയും ചെയ്തു.

സൂസൻ, കിടാവിന്റെ അരയിൽ കൈചുറ്റി എഴുന്നേറ്റ് അടുത്ത മുറിയിലേക്കു പോയി.

പ്രജീഷും ചന്ദ്രകലയും മറ്റൊരു മുറിയിലേക്കും....

അടുത്ത പ്രഭാതം

പാഞ്ചാലിയെ വിളിച്ചുണർത്തിയത് സൂസനാണ്.

''ആന്റിയൊക്കെ ഇന്നലെ എപ്പഴാ വന്നത്? കുറച്ചുനേരം നോക്കിയിരുന്നിട്ട് ഞാൻ ഉറങ്ങിപ്പോയി."

പാഞ്ചാലി എഴുന്നേറ്റിരുന്ന് കണ്ണു തിരുമ്മി.

''സ്റ്റോറി ഡിസ്‌കഷൻ കഴിഞ്ഞപ്പോൾ അർദ്ധരാത്രിയായി. വന്നപ്പോൾ പിന്നെ മോളെ വിളിച്ചുണർത്തണ്ടെന്നു കരുതി."

സൂസൻ അവളുടെ അടുത്ത് ഇരുന്നു.

''പിന്നെ.. എന്റെ കൂടെ ഷൂട്ടിംഗ് കാണാൻ വരുന്നെന്നു പറഞ്ഞില്ലേ... വേഗം കുളിച്ചൊരുങ്ങിയാൽ കൊണ്ടുപോകാം."

''ഹായ്..." പാഞ്ചാലിക്ക് ഇതിൽപരം ഒരാഹ്ളാദം ഇല്ലായിരുന്നു.

അവൾ വളരെ വേഗം ഒരുങ്ങി. ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് രാജമ്മയെയും കൂട്ടി ഇരുവരും കാറിൽ കയറി.

വഴിക്കടവിലായിരുന്നു അന്നത്തെ ഷൂട്ട്....

ക്യാമറയ്ക്കു മുന്നിലെ സൂസന്റെ ചലനങ്ങൾ അത്ഭുതത്തോടെ പാഞ്ചാലി നോക്കിയിരുന്നു.

അവളറിയാതെ ഇടയ്ക്ക് ക്യാമറാമാൻ അവളുടെ മുഖവും ക്യാമറയിൽ ഒപ്പിയെടുത്തു.

(തുടരും)