sprites-

ആകാശത്ത് നിന്ന് തീമഴ പെയ്താലോ..? മുത്തശി കഥകളിൽ മാത്രം കേട്ട് പരിചയിച്ച ഈ സംഗതിയിൽ എന്തെങ്കിലും സത്യമുണ്ടോ? എന്നാലിത് സത്യമാണ്- തീമഴ പെയ്ത്ത്! ആകാശത്ത് അപൂർവമായി കാണുന്ന പ്രതിഭാസം. ഇതിനെ വിളിക്കുന്ന പേര് സ്‌‌പ്രൈറ്റ്സ്. മഴനൂലു പോലെതന്നെ മേഘങ്ങൾക്കിടയിൽ തീ നൂലുകൾ കാണപ്പെടുന്ന പ്രതിഭാസം.

ഇത് കണ്ടാൽ മാനത്ത് തീക്കൊള്ളിക്കൊണ്ട് വരച്ച പോലിരിക്കും. ഇപ്പോൾ ഇത് ചർച്ചാവിഷയമാകാൻ ഒരു കാരണമുണ്ട്. പോൾ സ്മിത്ത് എന്ന ഫോട്ടോഗ്രാഫർ ഒക് ലഹോമയിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് ചർച്ചയ്ക്ക് വഴി തുറന്നത്. കഴിഞ്ഞ ദിവസം കനത്ത മഴയും കാറ്റുമുണ്ടായതിന് ശേഷമാണ് ആകാശത്തിൽ നിന്ന് തീ തുപ്പുന്ന ഈ പ്രതിഭാസം ഒക് ലഹോമയിലുണ്ടായത്.

അന്തരീക്ഷത്തിലെ മൂന്നാമത്തെ പാളിയായ മിസോസ്‌‌ഫിയറിലാണ് സ്‌‌പ്രൈറ്റ്സ് രൂപപ്പെടുന്നത്. ഈ അന്തരീക്ഷ പാളിയിലെ ചാർജുള്ള കണങ്ങളാണ് സ്‌‌പ്രൈറ്റ്സിന് കാരണമാകുന്നത്. ഇതിന്റെ നീളം 48 കിലോമീറ്ററാണ്. ഇതുപോലെ ചെറിയ സ്‌‌പ്രൈറ്റ്സുകളും രൂപപ്പെടാറുണ്ട്.

ലംബമായി സഞ്ചരിക്കുന്ന ഇവ പെട്ടെന്ന് തന്നെ അന്തരീക്ഷത്തിൽ നിന്നും മായുകയും ചെയ്യും. എപ്പോഴും ഇവയെ കാണാൻ കഴിയില്ല. മഴ മാറി തെളിഞ്ഞ ആകാശമാണെങ്കിൽ വ്യക്തമായി കാണാം. സ്‌‌പ്രൈറ്റ്സ്നെ കുറിച്ച് ഇത്രയേറെ ശാസ്ത്രീയ വിശദീകരണം ഉണ്ടെങ്കിലും ഇത് ലോകാവസാനത്തിന്റെ സൂചനയാണെന്ന് വിശ്വസിക്കുന്നവരും ചുരുക്കമല്ല.