wall

പാറശാല: ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കാട്ടിലുവിള- കാര്യോട് റോഡ് ശാപമോക്ഷമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. പത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏൽപ്പിച്ച കോൺട്രാക്ടർ പണി ഉപേക്ഷിച്ച് പോയതോടെ നാട്ടുകാർക്ക് ദുരിതം വിതയ്ക്കുകയാണ് ഈ റോഡ്. ടാർചെയ്ത് സഞ്ചാര യോഗ്യമായിരുന്ന റോഡ് വീതികൂട്ടി പുനരുദ്ധാരണം നടത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് റോഡിന്റെ ദുർഗതിക്ക് കാരണമായത്. താലൂക്കിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌കൂൾ ബസുകൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഇതുവഴി കടന്നുപോകുന്ന നിരവധി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽ പെടാറുള്ളത് നിത്യമാണ്. സഞ്ചാരയോഗ്യമല്ലാത്തത് കാരണം ഇതുവഴിയുള്ള കെ.എസ്.ആർ.ടി.സി.യുടെ രണ്ട് സർവീസുകളിൽ ഒന്ന് നിറുത്തി. അത്യാവശ്യങ്ങൾക്ക് ആട്ടോയൊ ടാക്സിയോ വിളിച്ചാൽ ഈ റോഡിലേക്ക് വരാതെയായി. ഇതിനിടയിൽ റോഡിന് വീതി കൂട്ടുന്നതിനായി കുളത്തിൽ നിർമ്മിച്ചിരുന്ന കരിങ്കൽ ഭിത്തി തകർന്നത് മറ്റൊരു അപകടമായി മാറി. റോഡിന്റെ ദുർഗതി കാരണം പൊറുതി മുട്ടിയ നാട്ടുകാർ എം.എൽ.എ, എം.പി.എന്നിവരെ നേരിൽ കണ്ട് പരാതികൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാർ ഒറ്റക്കെട്ടായി പ്രതിഷേധ സമരങ്ങളുമായി രംഗത്തിറങ്ങിയതിനെ തുടർന്ന് ഉദിയൻകുളങ്ങരയിൽ എത്തി ദേശീയപാത ഉപരോധിച്ചു.

 നിർമ്മാണം മാത്രം പാതിവഴി

രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് വീതി കൂട്ടി പുനരുദ്ധരിക്കുന്നതിനായി കേന്ദ്ര സർക്കാരിന്റെ പി.എം.ജി.എസ്‌.വൈ ( പ്രധാൻ മന്ത്രി സഡക് യോജന) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് ഒരു കോടി 30 ലക്ഷത്തിന്റെ ഫണ്ട് അനുവദിച്ചതോടെ ടെണ്ടർ നടപടികളും കഴിഞ്ഞു. റോഡ് കടന്നുപോകുന്ന പ്രദേശത്തെ കുളത്തിന്റെ കരയിലും ഏലായിലുമായി കരിങ്കൽ ഭിത്തി നിർമിച്ച് റോഡിന്റെ വീതി കൂട്ടുന്നതിന് പുറമെ മെറ്റൽ ചെയ്ത് ടാർ ചെയ്യുന്നതായിരുന്നു പദ്ധതി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കോൺട്രാക്ടർ റോഡ് ജെ.സി.ബി കൊണ്ട് കുത്തിപ്പൊളിച്ച് നിർമ്മാണം പകുതി പൂർത്തിയാക്കിയ ശേഷം ടാർ ചെയ്യാതെ പണി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ദുരിതത്തിലായി.

 പദ്ധതിക്കായി അനുവദിച്ച തുകയിൽ 40 ലക്ഷം കഴിച്ചുള്ള തുക കോൺട്രാക്ടർക്ക് നൽകി കഴിഞ്ഞതിനാൽ ഇനി ബാക്കിയുള്ള പണിക്ക് മറ്റൊരാളെ ഏൽപിക്കാൻ കഴിയുകയില്ലെന്നാണ് അധികൃതർ പറയുന്നത്.

പ്രതികരണം: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ കാട്ടിലുവിള - കാരിയോട് റോഡിന്റെ ദുരവസ്ഥ അകറ്റാൻ അധികാരികൾ അടിയന്തിര നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം നാട്ടുകാർ കൂടുതൽ സമര പരിപാടികളുമായി രംഗത്ത് വരുന്നതാണ്.

ശരത് , കാരിയോട്

ഫോട്ടോ: 1. മെറ്റലുകൾ ഇളക്കിയത് കാരണം സഞ്ചാരയോഗ്യമല്ലാതെ അപകടകരമായ രീതിയിൽ അവശിവശിക്കുന്ന കാട്ടിലുവിള - കാരിയോട് റോഡ്. 2. റോഡിന് വീതി കൂട്ടുന്നതിനായി കുളത്തിൽ നിർമ്മിച്ചിരുന്ന കരിങ്കൽ ഭിത്തി തകർന്ന നിലയിൽ.