kodiyeri

തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്നത് തുടരുന്നതിലൂടെ നരേന്ദ്രമോദിയുടെ ഗൂഢ ഹിന്ദുത്വ അജൻഡ തെളിഞ്ഞിരിക്കുകയാണെന്നും വ്യാജപ്രസ്‌താവനകൾ നടത്തി പ്രധാനമന്ത്രിക്കസേരയുടെ മഹത്വം കളങ്കപ്പെടുത്തുകയാണ് മോദിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

എൽ.ഡി.എഫ് ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വച്ചുപൊറുപ്പിക്കില്ലെന്നാണ് മോദിയുടെയും സംഘപരിവാറിന്റെയും മനസിലിരിപ്പ്. ആ ഗൂഢലക്ഷ്യം നേടാൻ ദേശീയമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും തുടരുന്നത്. അതുകൊണ്ടാണ് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനിടെ കേരളത്തെ താഴ്‌ത്തിക്കെട്ടാൻ പ്രധാനമന്ത്രി പ്രത്യേകം സമയമുണ്ടാക്കിയത്.
ഇന്ത്യയിൽ ഏറ്റവും സമാധാനപരമായി തിരഞ്ഞെടുപ്പു നടന്ന സംസ്ഥാനമാണ് കേരളം. തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രശംസയും നേടി. വോട്ടെടുപ്പു ദിവസം ഏതെങ്കിലും ബി.ജെ.പി പ്രവർത്തകൻ ആക്രമിക്കപ്പെട്ടതായി ഒരു കേസ് പോലുമില്ല. സ്വതന്ത്രമായി വോട്ടുചെയ്യുന്നതിന് സംഘപരിവാർ പ്രവർത്തകരെ തടഞ്ഞ സംഭവങ്ങളുമില്ല. എന്നിട്ടാണ് സംസ്ഥാനത്തെ അപമാനിക്കുന്ന പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയത്. ഇതുവഴി ആർ.എസ്.എസ് പ്രചാരകന്റെ ശരാശരി നിലവാരത്തിലേക്ക് പ്രധാനമന്ത്രി തരംതാണു.
അക്രമരാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രവും കിരാതശക്തിയും ആർ.എസ്.എസ് ആണെന്ന് അരനൂറ്റാണ്ടിലെ സംഘപരിവാറിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ വിളിച്ചറിയിക്കുന്നു. 236 സി.പി.എം പ്രവർത്തകരാണ് സംസ്ഥാനത്ത് കശാപ്പു ചെയ്യപ്പെട്ടത്. കാഞ്ഞങ്ങാട്ടെഎട്ടു വയസുള്ള ഫഹദ്, ചേർത്തലയിലെ അനന്തു, എരുവട്ടിയിലെ 68 വസയുള്ള സരോജിനിയമ്മ എന്നിങ്ങനെ പ്രായ, ലിംഗ വ്യത്യാസങ്ങളൊന്നുമില്ലാതെ ആളുകളെ കൊല്ലുകയായിരുന്നു ആർ.എസ്.എസ്. ഇതിന്റെ നേതാവാണ് സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനത്തിന്റെ പേരിൽ കേരളത്തെ അപമാനിക്കാൻ നോക്കുന്നത്.

വ്യത്യസ്‌ത രാഷ്ട്രീയക്കാർക്കും രാഷ്ട്രീയമില്ലാത്തവർക്കും നിഷ്‌പക്ഷർക്കും സ്വന്തം അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുള്ള മണ്ണാണ് കേരളം. ആർ.എസ്.എസിനു മേധാവിത്വമുള്ള സ്ഥലത്ത് എതിർപക്ഷത്തുള്ളവരെ വോട്ടു ചെയ്യാൻ പോലും അനുവദിക്കാറില്ല. ത്രിപുരയിലും വടക്കേ ഇന്ത്യയിലെ അനേകം സ്ഥലങ്ങളിലും ബൂത്തു പിടിത്തവും അക്രമവും വ്യാപകമായി നടന്നു. അത്തരം അക്രമങ്ങളോടു പ്രതികരിക്കുകയാണ് മോദി ചെയ്യേണ്ടതെന്നും കോടിയേരി പ്രസ്‌താവനയിൽ പറഞ്ഞു.