തിരുവനന്തപുരം: സി.പി.എമ്മും ഇടതുപക്ഷവും കഠിനമായി എതിർത്തുപോന്നിട്ടുള്ള നവ ഉദാര സാമ്പത്തിക നയങ്ങൾക്ക് അനുസൃതമായിട്ടുള്ളതാണ് മസാലാ ബോണ്ട് എന്നിരിക്കെ, സംസ്ഥാനത്തെ ഇടതുസർക്കാരിന് കീഴിലുള്ള കിഫ്ബി അവ പുറപ്പെടുവിക്കുന്നതിൽ പാർട്ടി കേന്ദ്ര കമ്മിറ്റിയും ജനറൽ സെക്രട്ടറിയും നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
സ്റ്റോക്ക് മാർക്കറ്റെന്ന സങ്കല്പത്തെ തന്നെ ദുരൂഹമായ മൂലധനമെന്ന നിലയിൽ എതിർക്കുന്നവരാണ് സി.പി.എം. ഇവിടെ അതിനെ വാരിപ്പുണരുന്നു. എസ്.എൻ.സി ലാവ്‌ലിൻ എന്ന കളങ്കിത കമ്പനിയുടെ പങ്കാളിത്തം കാര്യങ്ങളെ കൂടുതൽ ദുരൂഹമാക്കുകയുമാണ്. സി.ഡി.പി.ക്യു എന്ന കനേഡിയൻ കമ്പനിയാണ് കിഫ്ബിയുടെ മസാലാ ബോണ്ടുകൾ വാങ്ങിയത്. സി.ഡി.പി.ക്യൂവിനാകട്ടെ ലാവ്‌ലിനിൽ വൻതോതിൽ ഓഹരിയുമുണ്ട്. ലോകത്ത് ലിബിയ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ അഴിമതിക്കേസുകളിൽ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണ് ലാവ്‌ലിൻ. ലോകബാങ്ക് 2013ൽ ലാവലിനെ കരിമ്പട്ടികയിൽ പെടുത്തി. കേരളത്തിൽ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിൽ കൂട്ടുപ്രതികളായ ഈ കമ്പനിയുമായി ബന്ധപ്പെട്ട് വീണ്ടും ഇടപാട് നടക്കുന്നതിലെ ദുരൂഹതയും പാർട്ടി വിശദീകരിക്കേണ്ടതാണ്. കിഫ്ബി മസാലാ ബോണ്ടുകൾ പബ്‌ളിക്കായി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും ഇത് സി.ഡി.പി.ക്യു ആസ്ഥാനത്ത് പ്രൈവറ്റായി ലിസ്റ്റ് ചെയ്തുവെന്ന വിവരം ഇപ്പോഴാണ് പുറത്തുവന്നിട്ടുള്ളത്.
പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റുതുലച്ച് രാജ്യത്ത് വിദേശ മൂലധനം ഒഴുക്കുന്നതിനുള്ള ബി.ജെ.പി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് നരേന്ദ്രമോദി സർക്കാർ ലണ്ടൻ സ്റ്റോക്ക് എക്‌സ്ചേഞ്ചിൽ മസാലാ ബോണ്ടുകളിറക്കിയത്. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും ആ സാമ്പത്തിക നയത്തെ സി.പി.എം പിന്തുടരുന്നത് അമ്പരപ്പുണ്ടാക്കുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.