തിരുവനന്തപുരം: നിയമസഭയുടെ സമ്പൂർണ ബഡ്ജറ്റ് സമ്മേളനം മേയ് 27നോ ജൂൺ പത്തിനോ ആരംഭിക്കാൻ ആലോചന. വകുപ്പുതിരിച്ച് ബഡ്ജറ്റ് പാസാക്കേണ്ട നടപടിക്രമമുള്ളതിനാൽ സമ്മേളനം ആറാഴ്ച ഉണ്ടാകും. ജൂൺ 5ന് റംസാൻ ആയതിനാൽ ഇതിന് മുമ്പുള്ള ദിവസങ്ങൾ ഇസ്ലാം വിശ്വാസികൾക്ക് നോമ്പ്കാലമാണ്. ഈ സാഹചര്യത്തിൽ മുസ്ലിംലീഗ് എം.എൽ.എമാരുടേതടക്കമുള്ള സൗകര്യങ്ങൾ നോക്കിയാവും അന്തിമ തീയതി നിശ്ചയിക്കുക. ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സ്പീക്കർ പി. ശ്രീരാമകൃഷ്‌ണൻ നടത്തുന്ന കൂടിക്കാഴ്ചയിൽ തീയതി സംബന്ധിച്ച അന്തിമധാരണയാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം മേയ് 23ന് വരുന്നതിന് തൊട്ടുപിന്നാലെ സഭാസമ്മേളനം ചേർന്ന് സമ്പൂർണ ബഡ്ജറ്റ് പാസാക്കിയില്ലെങ്കിൽ വാർഷികപദ്ധതി നടത്തിപ്പിനെ ബാധിക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബഡ്ജറ്റ് അവതരിപ്പിക്കുകയും മാർച്ച് 31നകം സമ്പൂർണ ബഡ്ജറ്റ് പാസാക്കുകയുമുണ്ടായി. തന്മൂലം ഏപ്രിൽ ഒന്നിന് വാർഷികപദ്ധതി ആരംഭിക്കാനുമായി. ഇത്തവണയും അത് ആലോചിച്ചതാണെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ തിരക്കുകളിലേക്ക് നീങ്ങിയതിനാൽ കഴിഞ്ഞില്ല. ഇതേത്തുടർന്ന് നാല് മാസത്തേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയാണ് ഫെബ്രുവരിയിൽ സഭാസമ്മേളനം അവസാനിപ്പിച്ചത്.
മേയ് 27ന് സമ്മേളനം തുടങ്ങിയാലും റംസാൻ വരുന്ന ആഴ്ചയിൽ തുടർച്ചയായ അവധി വേണ്ടിവരും. അതിനാലാണ് റംസാന് ശേഷം വരുന്ന ആദ്യ തിങ്കളാഴ്ച സമ്മേളനം തുടങ്ങണമെന്ന് നിർദ്ദേശം ഉയർന്നത്. ബഡ്ജറ്റ് വകുപ്പ് തിരിച്ച് പാസാക്കുന്നതിന് പുറമേ നിലവിലുള്ള ഏതാനും ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും പരിഗണിക്കും. ജൂലായ് മാസം അവസാനിക്കുന്നതിന് മുമ്പ് സമ്പൂർണ ബഡ്ജറ്റ് പാസാക്കിയെടുക്കാനാണ് നീക്കം. ജനുവരി 31നാണ് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്.