തിരുവനന്തപുരം: കോളേജുകളെ കേവലം പരീക്ഷാ സെന്ററുകൾ മാത്രമാക്കി മാറ്റരുതെന്നും മറിച്ച് വിദ്യാർത്ഥികൾക്ക് നൈപുണ്യ വികസനത്തിനുള്ള അവസരങ്ങൾ കൂടി നൽകുന്നതാക്കണമെന്നും ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പ്രിൻസിപ്പൽ കൗൺസലിന്റെ ഒരു വർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം മാർ ഇവാനിയോസ് കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൈപുണ്യ വികസനം ഇന്ത്യയുടെ ഭാവിയെ മാറ്റിമറിക്കുമെന്നും ഗവർണർ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽമാരുടെ അക്കാദമികപരവും ഭരണപരവും രാഷ്ട്രീയപരവുമായ വെല്ലുവിളികൾ വർദ്ധിച്ചു വരികയാണ്. പ്രിൻസിപ്പൽമാർ ചുമതലയേറ്റു കഴിഞ്ഞാൽ ഡിപ്പാർട്ട്മെന്റ് മേധാവികളും പ്രൊഫസർമാരും ലക്ചറർമാരുമായി സംവദിക്കുകയും അവരുടെ പുതിയ ആശയങ്ങളും നിർദ്ദേശങ്ങളും കോളേജിന്റെ പ്രവർത്തനത്തിന് എങ്ങനെ ഉപയോഗിക്കാമെന്ന് പരിശോധിക്കുകയും വേണം- ഗവർണർ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കൗൺസിൽ പ്രസിഡന്റ് ഡോ.ടി.എം.തോമസ് അദ്ധ്യക്ഷനായി. മികച്ച അദ്ധ്യാപികയ്ക്കുള്ള അവാർഡ് വർക്കല നെടുങ്ങണ്ട എസ്.എൻ കോളേജിലെ അസി.പ്രൊഫസർ ഡോ. സ‌്മിതയ്ക്ക് ഗവർണർ സമ്മാനിച്ചു. മാർ ഇവാനിയോസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മാത്യൂ മനക്കരകാവിൽ, പ്രിൻസിപ്പൽ ഡോ.കെ.ഐ. ജോർജ്, ഡോ.എം. ഉസ്‌മാൻ തുടങ്ങിയവർ പങ്കെടുത്തു.
ആദ്യം ഡിഗ്രി പിന്നെ രാഷ്ട്രീയം
വിദ്യാർത്ഥികൾ ആദ്യം ഒരു ബിരുദം നേടുകയാണ് വേണ്ടത്. പല കോളേജുകളിലും വിദ്യാർത്ഥി സംഘടനകൾ മാനേജ്മെന്റിനെതിരെ സമരം ചെയ്യാറുണ്ട്. എന്നാൽ, ബിരുദത്തിന് ശേഷം വിദ്യാർത്ഥികൾക്ക് രാഷ്ട്രീയമേഖലയോ ഇഷ്ടമുള്ള മറ്റ് മേഖലയോ തിരഞ്ഞെടുക്കാം. ഒരു ബിരുദമെങ്കിലും ഇല്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. താൻ പഠിച്ചത് സർക്കാർ സ്‌കൂളിലാണ്. പിന്നീട് സർക്കാർ ലാ കോളേജിൽ നിന്ന് ബിരുദം നേടി. തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വരെയായെന്നും ഗവർണർ ഓർമ്മിപ്പിച്ചു.