നെടുമങ്ങാട്: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആറ് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ മികവിന്റെ കേന്ദ്രമാവുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയിൽ മുതൽക്കൂട്ടായ ഒട്ടേറെ പ്രതിഭകൾക്ക് ജന്മം നൽകിയ വിദ്യാലയത്തിൽ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് അധികൃതർ. 2624 സ്ക്വയർ മീറ്ററിൽ 6.5 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരം ഉടൻ യാഥാർത്ഥ്യമാവും. കോളേജ് തലത്തെ വെല്ലുന്ന രീതിയിലുള്ള 60 ഓളം കമ്പ്യൂട്ടറുകൾ, 60 ഓളം കമ്പ്യൂട്ടർ കസേരകൾ, മൾട്ടി മീഡിയ സൗകര്യമുള്ള ഐ.ടി ലാബ് എന്നിവ സുസജ്ജമായി കഴിഞ്ഞു. ക്ലാസ് മുറി ശീതീകരണത്തിനുളള നടപടികൾ പുരോഗമിക്കുകയാണ്. ഇ-ലൈബ്രറിയും ബാക്ക് റസ്റ്റ് ബെഞ്ചുകൾ ഉളള ഹൈ–ടെക്ക് ക്ലാസ് മുറികളും കായികക്ഷമത വർദ്ധിപ്പിക്കാൻ ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഗ്രൗണ്ടിനെ സ്റ്റേഡിയമാക്കി മാറ്റാനുളള തയാറെടുപ്പുകളാരംഭിച്ചു കഴിഞ്ഞു. റോബർട്ടിക്സ് ലാബ് സജ്ജീകരണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. പ്ലാൻ ഫണ്ട് പൂർണമായും വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. സ്കോളർ സപ്പോട്ട് സ്കീം കുട്ടികൾക്ക് ലഭ്യമാണ്.

ടെക്നിക്കൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ-കായിക-ശാസ്ത്ര മേളകളിൽ ശ്രദ്ധേയമായ പ്രകടനം ഈ വിദ്യാലയം കാഴ്ച വയ്ക്കുന്നുണ്ട്. മികവ് തെളിയിക്കുന്നവർക്ക് പത്താം ക്ലാസ് പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നതാണ് ടെക്നിക്കൽ സ്‌കൂളിലെ പ്രധാന സവിശേഷത. സ്കൂൾ തല മത്സര ശേഷം സംസ്ഥാന തലത്തിൽ മത്സരിക്കാൻ സാധിക്കുന്നതിനാൽ 30 മാർക്ക് വരെ ഗ്രേസ് മാർക്ക് ഇനത്തിൽ എളുപ്പത്തിൽ ലഭിക്കും. ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി), സ്റ്റുഡന്റ്സ്പൊലീസ് കേഡറ്റ് (എസ്.പി.സി), സ്കൗട്ട് ആൻഡ് ഗൈഡ് മുതലായ ക്ലബുകൾ ഇക്കൊല്ലം ആരംഭിക്കുമെന്ന് സൂപ്രണ്ട് ഡി. ഗോപൻ അറിയിച്ചു. ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച് കേരള പി.എസ്.സി വഴി ഗവ. എഞ്ചിനീയറിംഗ് കോളേജുകൾ, ഗവ.പോളിടെക്നിക്ക് കോളേജുകൾ, ഐ.ടി.ഐകൾ, ടെക്നിക്കൽ സ്കൂളുകൾ,പി.ഡബ്‌ള്യു.ഡി തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിയമനം നൽകുന്നതിനാൽ സ്‌കൂൾ പ്രവേശനത്തിന് തിരക്കാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന സാങ്കേതിക-പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ.

 എട്ടാം ക്ലാസ് പ്രവേശനം തുടങ്ങി

2019-20 അക്കാഡമിക് വർഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. അപേക്ഷ ഫോറം സ്കൂളിൽ നിന്ന് ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് രണ്ടാണ്. പ്രവേശന പരീക്ഷ മേയ് മൂന്നിന് നടക്കും. വിശദവിവരങ്ങൾ 8606251157, 9400006460 എന്നീ നമ്പരുകളിൽ ലഭിക്കും.