വർക്കല: വർക്കലയുടെ വികസന സ്വപ്‌നങ്ങൾക്ക് പ്രാരംഭം കുറിച്ച് സർക്കാരിന്റെ സഹായത്തോടെ ആരംഭിച്ച മിനി വ്യവസായ എസ്റ്റേറ്റ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു. 42 വർഷം മുമ്പാണ് വർക്കല പെരുങ്കുളത്ത് മിനി വ്യവസായ എസ്റ്റേറ്ര് ആരംഭിച്ചത്. 12 ഓളം യൂണിറ്റുകളുണ്ടായിരുന്ന ഇവിടെ നിലവിൽ വെൽഡിംഗ് വർക്ക്ഷോപ്പ്, എയ്റോ സ്‌പെയ്സ് കമ്പോണന്റ്സ്, കാലിത്തീറ്റ നിർമ്മാണ യൂണിറ്റ് എന്നീ മൂന്ന് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. സർക്കാർ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായാണ് നിരവധിപേർ വ്യവസായ സംരംഭങ്ങൾ തുടങ്ങിയത്. പലരും ബാങ്കിൽ നിന്നു ലോണെടുത്താണ് വ്യവസായ യൂണിറ്റുകൾ ആരംഭിച്ചത്. തിരിച്ചടവ് മുടങ്ങി കേസിൽപ്പെട്ടതോടെ യൂണിറ്റുകൾ അടച്ചു പൂട്ടുകയായിരുന്നു. കടക്കെണിയിലായ സംരംഭകരെ സംരക്ഷിക്കുന്നതിന് ഒരു നടപടിയും വ്യവസായ വകുപ്പിന്റെയും സിഡ്കോയുടെയും ഭാഗത്തുനിന്നു ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി. ഇതോടെ ഭൂരിഭാഗം യൂണിറ്റുകളും അടച്ചുപൂട്ടി. ആസ്ബറ്റോസ് പാകിയ മേൽക്കൂരയുടെ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഭിത്തികളിലും വിള്ളൽ വീണു. തുടർന്നാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന യന്ത്റങ്ങൾ നശിക്കാൻ തുടങ്ങിയത്. കെട്ടിടത്തിന് ആൽമരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അനുകൂല നടപടിയുണ്ടായില്ലെന്ന് സംരംഭകർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളൊരുക്കി വ്യവസായ സംരംഭകരെ ആകർഷിക്കുന്ന നടപടികൾ ഉണ്ടായില്ലെങ്കിൽ മിനി എസ്റ്റേറ്റ് പൂർണമായും നിലയ്‌ക്കുന്ന അവസ്ഥയാണ്.
തകർച്ചയുടെ കാരണങ്ങൾ
-----------------------------------------
സാമ്പത്തിക ബാദ്ധ്യത തിരിച്ചടിയായി
സർക്കാരിൽ നിന്നും സഹായം ലഭിച്ചില്ല
നിലവിൽ അടിസ്ഥാന സൗകര്യങ്ങളില്ല
കെട്ടിടം തകർച്ചയുടെ വക്കിൽ
സ്ഥലം കൈയേറിയെന്ന് ആരോപണം
മിനി വ്യവസായ എസ്റ്റേറ്റിനെക്കുറിച്ചുള്ള പരാതികൾ വ്യവസായ വകുപ്പ് സിഡ്കോ എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും കെട്ടിടത്തിന്റെ അറ്റകുറ്രപ്പണി നടത്തുന്ന കാര്യത്തിലും ഉടൻ നടപടിയുണ്ടാകും. കൂടുതൽ സംരംഭകരെ ഉൾപ്പെടുത്തി മിനി എസ്റ്റേറ്റിന്റെ പ്രവർത്തനം വിപുലപ്പെടുത്താൻ കർമ്മപദ്ധതികൾ ആരംഭിക്കും.
അഡ്വ. വി.ജോയി എം.എൽ.എ