തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തീരുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന പ്രഖ്യാപിക്കും. നിരക്ക് വർദ്ധനയ്ക്കുള്ള നടപടിക്രമങ്ങൾ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ജനുവരിയിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അന്ന് സർക്കാർ അനുമതി നൽകിയില്ല.
2022 വരെ നാലു വർഷത്തെ താരിഫ് നിർണയമാണ് റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയത്. ആദ്യ രണ്ടു വർഷം 8.5 ശതമാനവും അവസാന രണ്ടു വർഷം 5 ശതമാനവും വർദ്ധനയാണ് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ 6 ശതമാനം വർദ്ധന അനുവദിക്കുമെന്നാണ് അറിയുന്നത്. ഇതാദ്യമായാണ് നാലു വർഷത്തെ നിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
നിലവിലെ താരിഫിന്റെ (2017 ൽ നിശ്ചയിച്ചത്) കാലാവധി കഴിഞ്ഞ വർഷം മാർച്ചിൽ പൂർത്തിയായിരുന്നു. പുതിയ നിരക്ക് നടപ്പിൽ വരാത്തതിനാൽ പഴയതിന്റെ കാലാവധി കഴിഞ്ഞ ഏപ്രിൽ, ഡിസംബർ, ഈ വർഷം മാർച്ച് മാസങ്ങളിൽ നീട്ടിക്കൊടുത്തു. ജൂണിലാണിത് അവസാനിക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് കെ.എസ്. ഇ.ബി നിരക്ക് വർദ്ധനയ്ക്കുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് സമർപ്പിച്ചത്.