തിരുവനന്തപുരം / നെടുമ്പാശേരി: സോഫ്‌റ്റ്‌വെയർ തകരാർ കാരണം സംസ്ഥാനത്തെ വിമാനത്താവളങ്ങളിലും യാത്രക്കാർ ദുരിതത്തിലായി. സർവീസുകൾ വൈകിയതോടെ നൂറുകണക്കിന് യാത്രക്കാർ വിമാനത്താവളങ്ങളിൽ മണിക്കൂറുകൾ കുടുങ്ങി. വിമാനമിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാൻ വന്ന ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിന് പുറത്തും കുടുങ്ങിയിരിക്കുകയാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. വിമാനം വൈകുന്നതിന്റെ കൃത്യമായ വിവരം നൽകാൻ എയർ ഇന്ത്യാ അധികൃതർ ഇല്ലാതിരുന്നത് പ്രശ്നം വഷളാക്കി.
ഇന്നലെ രാവിലെ 8.30ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തി 9.20 ന് മാലദ്വീപിലേക്ക് പോകേണ്ട വിമാനം ഉച്ചയ്ക്ക് 2.50നാണ് എത്തിയത്. 3.20നാണ് മാലദ്വീപിലേക്ക് പോയത്. ഈ വിമാനം വൈകിട്ട് 6.15ന് മടങ്ങിയെത്തി 7.20ന് ഡൽഹിക്ക് പോകേണ്ടതാണ്. എന്നാൽ രാത്രി 11.45നെത്തി 12.30നാണ് ഡൽഹിയിലേക്ക് തിരിച്ചത്.
രാവിലെ 6.30ന് ഷാർജയിലേക്കുള്ള വിമാനം രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാവിലെ 7.40ന് പുറപ്പെടേണ്ടിയിരുന്ന മസ്‌ക്റ്റ് എയർ ഇന്ത്യ എക്സ്‌പ്രസ് 9.50നാണ് പുറപ്പെട്ടത്. അബുദാബിയിലേക്കുള്ള വിമാനവും വൈകി. ഇന്നലെ രാവിലെയുള്ള തിരുവനന്തപുരം -കൊച്ചി - ഡൽഹി, തിരുവനന്തപുരം - ചെന്നൈ, തിരുവനന്തപുരം - ബംഗളൂരു ആഭ്യന്തര സർവീസുകളും വൈകി.
എയർ ഇന്ത്യയുടെ 13 വിമാന സർവീസുകളാണ് നെടുമ്പാശേരിയിൽ മണിക്കൂറുകളോളം വൈകിയത്. ഇന്നലെ രാവിലെ 7.40ന് എത്തേണ്ട മുംബയ് വിമാനം ഉച്ചയ്ക്ക് 12.40നും 8.50ന് എത്തേണ്ട ഡൽഹി വിമാനം ഉച്ചയ്ക്ക് 1.45നും 9.25നുള്ള ചെന്നൈ വിമാനം വൈകിട്ട് മൂന്നിനുമാണ് എത്തിയത്. 11.50ന്റെ അഗത്തി വിമാനം ഉച്ചയ്ക്ക് 3.20നാണ് എത്തിയത്. വൈകിട്ട് 5.10ന് എത്തേണ്ട ഡൽഹി വിമാനം രാത്രി പത്തരയ്ക്കും വൈകിട്ട് 5.40ന്റെ ചെന്നൈ വിമാനം രാത്രി 11.30നുമാണ് എത്തിയത്. രാത്രി 8.30ന് എത്തേണ്ട ദുബായ് വിമാനവും രാത്രി 9.10ന് എത്തേണ്ട ഡൽഹി വിമാനവും അർദ്ധരാത്രിക്കുശേഷമാണ് വന്നത്. ഈ വിമാനങ്ങളുടെ മടക്കയാത്രയും വൈകും.
പല വിമാനങ്ങളുടെയും ഇന്നത്തെ തുടർ സർവീസുകളും വൈകുമെന്നും നാളെയോടെ മാത്രമേ സർവീസുകൾ സാധാരണ നിലയിലാക്കാൻ കഴിയുകയുള്ളുവെന്നും അധികൃതർ അറിയിച്ചു.