വിഴിഞ്ഞം: കോവളം തീരത്തെ പട്ടം പറത്തൽ മത്സരം സഞ്ചാരികളെ ആകർഷിച്ചു. പട്ടം പറത്തൽ മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിലും കാറ്റിലും
സഞ്ചാരികൾക്ക് കടലിൽ കുളിക്കാൻ വിലക്കുണ്ടായിരുന്നെങ്കിലും ഇന്നലെ തീരത്തിരുന്നവർക്ക് കൗതുകമായി രണ്ടാമത് അന്തർദേശീയ പട്ടം പറത്തൽ മത്സരം നടന്നു. പൊതുജനങ്ങൾ ഉൾപ്പെടെ പ്രായഭേദമന്യേ ഈ മത്സരത്തിൽ പങ്കാളികളാകുമെന്ന് സംഘാടകർ പറഞ്ഞു. ഭിന്നശേഷിക്കാരായ കുട്ടികളും ഇതിൽ പങ്കാളികളായി. കൂടാതെ ഉല്ലാസത്തിനായി ബീച്ച് വോളി, ഫുട്ബാൾ തുടങ്ങി വിവിധ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 10 മുതൽ 4 വരെയാണ് പട്ടം പറത്തൽ മത്സരങ്ങൾ പറഞ്ഞിരുന്നതെങ്കിലും 5.30 വരെ നീണ്ടു. പട്ടം പറത്തൽ മത്സരങ്ങൾ ഇന്നും തുടരും. ഇന്ന് 30 ഓളം ഭിന്നശേഷിക്കാർ 30 വീൽചെയറിൽ എത്തി പട്ടം പറത്തൽ മത്സരത്തിൽ പങ്കാളികളാകും. ഇവിടെ എത്തിയവർക്ക് പട്ടം പറത്തുന്നതിനും പട്ടം ഉണ്ടാക്കുന്നതിനും പരിശീലനവും നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പട്ടം പറത്തൽ മത്സരരംഗത്തെ 40 ഓളം വിദഗ്ദ്ധർ ഇന്നലത്തെ മത്സരത്തിൽ പങ്കെടുത്തു. ഹെൽപിംഗ് ഹാൻഡ്സ് ഓർഗനൈസേഷൻ (എച്ച്. ടു. ഒ) വൺ ഇന്ത്യ കൈറ്റ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.