തിരുവനന്തപുരം:കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ വീഡിയോ തെളിവ് സഹിതം ആരോപണം ഉയർന്ന സാഹചര്യത്തിൽ ജില്ലാവരണാധികാരികളായ കളക്ടർമാരോട് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ടിക്കാറാം മീണ റിപ്പോർട്ട് ആവശ്യപ്പെട്ടു. അടിയന്തിരപ്രാധാന്യം നൽകി ഉടനടി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
കള്ളവോട്ടിനും അക്രമത്തിനും സാദ്ധ്യതയുണ്ടെന്ന മുൻറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 3622 ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സി. സി. ടി.വി.കാമറകളും ലൈവ് സ്ട്രീമിംഗും ഏർപ്പെടുത്തിയിരുന്നു. അതിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കാസർകോട് പാർലമെന്റ് മണ്ഡലത്തിലുൾപ്പെട്ട തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ,എരമംകുറ്റൂർ.പയ്യന്നൂർ നിയമസഭാമണ്ഡലത്തിലെ പയ്യന്നൂർ, ചെറുതാഴം എന്നിവിടങ്ങളിലെ ബൂത്തുകളിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കാസർകോട്ടെയും കണ്ണൂരെയും യു.ഡി.എഫ്. സ്ഥാനാർത്ഥികളായ രാജ്മോഹൻ ഉണ്ണിത്താനും കെ. സുധാകരനും ആണ് ആരോപണം ഉന്നയിച്ചത്.
ആരോപണം ശരിയെങ്കിൽ ഗൗരവമുള്ള കാര്യമാണ്. ദൃശ്യത്തിന്റെ ഉറവിടവും വിശ്വാസ്യതയും പുറത്ത് വന്ന വിവരങ്ങൾ സംബന്ധിച്ചും സമഗ്രമായി അന്വേഷിക്കാനാണ് ആവശ്യപ്പെട്ടതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഉദ്യോഗസ്ഥർക്ക് വീഴ്ച്ച സംഭവിച്ചോ എന്നു പരിശോധിക്കും. ഉദ്യോഗസ്ഥർ അറിയാതെ കള്ള വോട്ട് നടക്കാൻ സാദ്ധ്യത ഇല്ല. ആരോപണം തെളിഞ്ഞാൽ കള്ള വോട്ട് നടന്ന ബൂത്തുകളിലെ ബൂത്ത് ഏജന്റുമാരും കുറ്റക്കാരാകും.ഇൗ ബൂത്തുകളിൽ റീപോളിംഗ് നടത്തണോ എന്നും കമ്മിഷൻ പരിശോധിക്കും.
റീപോളിംഗ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാനാണ് കമ്മിഷന്റെ നിർദ്ദേശം. കള്ളവോട്ട് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ല. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. അതേ സമയം കള്ളവോട്ട് സംബന്ധിച്ച് ജില്ലാകളക്ടർമാർക്ക് പരാതി നൽകിയിട്ട് നടപടിയുണ്ടായിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താനും കെ. സുധാകരനും പറഞ്ഞു.