തിരുവനന്തപുരം: കള്ളവോട്ട് നടന്നതും പോളിംഗ് 90 ശതമാനത്തിൽ കൂടുതൽ രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിംഗ് നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കള്ളവോട്ട് വ്യാപകമായി നടന്നതിന് തെളിവാണ് ചില ബൂത്തുകളിൽ പോളിംഗ് ശതമാനം 90 കഴിഞ്ഞത്. മുഖ്യമന്ത്രിയുടേയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടേയും സ്വന്തം പഞ്ചായത്തിലെ പോളിംഗ് ബൂത്തുകളിലെ മുഴുവൻ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിക്കണം. ഇവിടങ്ങളിൽ കള്ളവോട്ട് നടന്നിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ധൈര്യമുണ്ടോ?. ജനാധിപത്യത്തോട് അല്പമെങ്കിലും കൂറുണ്ടെങ്കിൽ ഇരുവരും ഈ വിഷയത്തിൽ പ്രതികരിക്കണം.
തിരഞ്ഞെടുപ്പടുക്കുമ്പോൾ കള്ളവോട്ട് രേഖപ്പെടുത്തുന്നതിന് പരിശീലനം ലഭിച്ച സി.പി.എമ്മിന്റെ സംഘങ്ങൾ സജീവമാണ്. കള്ളവോട്ട് ചെയ്യുന്നത് സി.പി.എമ്മിന് ആചാരവും അനുഷ്ഠാനവും പോലയാണ്. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പിലും സി.പി.എം മസിൽപവർ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുന്നത് തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. പരാതിപ്പെട്ടാലും ഉദ്യോഗസ്ഥർ ഇത് അവഗണിക്കും. ഒരുകൂട്ടം ഉദ്യോഗസ്ഥർ കള്ളവോട്ട് ചെയ്യുന്നതിന് സി.പി.എമ്മിനെ സഹായിക്കുന്നുണ്ട്. ബി.എൽ.ഒ തലം മുതൽ സി.പി.എമ്മിന് കള്ളവോട്ട് ചെയ്യാൻ സാഹചര്യം ഒരുക്കുന്നു. മരണപ്പെട്ടവരുടെ പേരുകൾ പോലും വോട്ടർപ്പട്ടികയിൽ ഇടംപിടിക്കുന്നത് അതിനാലാണ്.
ആറ്റിങ്ങൽ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിൽപ്പരം ഇരട്ടവോട്ടുകളാണ് ഉള്ളത്. ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുംവിധം സി.പി.എമ്മും ഉദ്യോഗസ്ഥരും തമ്മിലുള്ള ഇത്തരം കൂട്ടുകെട്ട് തകർക്കപ്പെടണം. നീതിപൂർവമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മലബാറിലെ ഒരു മണ്ഡലത്തിലും സി.പി.എമ്മിന് വിജയിക്കാനാവില്ല. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അടിയന്തര നടപടിയെടുക്കണം. ഇല്ലെങ്കിൽ ജനങ്ങൾക്ക് കമ്മിഷനിലുള്ള വിശ്വാസ്യത നഷ്ടപ്പെടും