തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കുടിശ്ശിക നൽകാനുള്ള മുൻ ഉത്തരവ് തിരുത്തി. കുടിശ്ശിക പിന്നീട് വിതരണം ചെയ്യാമെന്നാണ് പുതിയ ഉത്തരവ്.
2018 ജനുവരി ഒന്നു മുതൽ ജൂലായ് ഒന്നു വരെയുള്ള ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഈ തീരുമാനം പറഞ്ഞത്. അതനുസരിച്ച് ഉത്തരവും ഇറക്കി. രൂക്ഷമായ ധനപ്രതിസന്ധി കണക്കിലെടുത്താണ് നിലപാട് മാറ്റിയത്.
ഇന്നലെ വൈകിട്ട് ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരം, നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തുതുടങ്ങുമെന്നും കുടിശ്ശികയുടെ കാര്യത്തിൽ പിന്നീട് ഉത്തരവിറക്കുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്. അഞ്ച് ലക്ഷത്തോളം ജീവനക്കാർക്കാണ് ക്ഷാമബത്ത ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ ജൂലായ് ഒന്നു വരെയുള്ള കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കേണ്ടതാണ്.