തിരുവനന്തപുരം: ഒ.എൻ.വി കൾച്ചറൽ അക്കാഡമി ഏർപ്പെടുത്തിയ ഒ.എൻ.വി സാഹിത്യ പുരസ്കാരത്തിന് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അർഹനായി. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. മൂന്ന് ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
'മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി' എന്ന കാവ്യസമാഹാരത്തിന് അനഘ കോലോത്ത് ഒ.എൻ.വി യുവ സാഹിത്യ പുരസ്‌കാരത്തിന് അർഹയായി. 50,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
സി.രാധാകൃഷ്‌ണൻ അദ്ധ്യക്ഷനും എസ്.വി.വേണുഗോപൻ നായർ, പ്രഭാവർമ്മ എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. മേയ് 27ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.