crime

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി വിഷ്ണുവിനെ വീട്ടിൽക്കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ ഡിവെെ.എസ്.പി റാങ്കിലുളള അന്വേഷണ ഉദ്യോഗസ്ഥന്റെ മേൽ നോട്ടത്തിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഗുരുതര പിഴവുകൾ. കുറ്റപത്രം മടക്കിവാങ്ങി കേസിൽ പൊലീസ് തുടരന്വേഷണം ആരംഭിച്ചു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ തീയതി നിശ്ചയിച്ച് സാക്ഷി വിസ്താരം ആരംഭിക്കാനിരിക്കെയാണ് കേസിലെ കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് ഇപ്പോൾ മടക്കിവാങ്ങേണ്ടി വന്നത്.

കേസിന്റെ പ്രാരംഭ ഘട്ടം മുതൽ തന്നെ പൊലീസിന്റെ വീഴ്ചകൾ വ്യക്തമായിരുന്നു. കേസിൽ തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം കോടതിയിൽ നൽകാതിരുന്നതിനാൽ മുഖ്യ പ്രതികൾ എല്ലാം കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. അന്വേഷണ സംഘത്തിന്റെ ഈ വീഴ്ചയ്ക്ക് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനും ഇപ്പോഴത്തെ കഴക്കൂട്ടം സി.എെ യുമായിരുന്ന എസ്.വെെ. സുരേഷിനെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്നുവന്ന മനോജ് കുമാറാണ് പിന്നീട് കുറ്റപത്രം കോടതിയിൽ നൽകിയത്.എന്നാൽ കൊല്ലപ്പെട്ട വിഷ്ണു പട്ടികജാതിക്കാരൻ ആയിരുന്നിട്ടും പട്ടികജാതിക്കാർക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ ഒരു വകുപ്പും ചുമത്തിയിരുന്നില്ല .ഈ വീഴ്ച മനസിലായപ്പോൾ പിന്നീട് ഡിവെെ.എസ്.പി റാങ്കിലുളള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി അധിക കുറ്റപത്രം നൽകി.

കേസിൽ പ്രതികൾ ഉപയോഗിച്ചിരുന്ന എല്ലാ ആയുധങ്ങളും കണ്ടെടുത്ത് രാസ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രാസ പരിശോധനയിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ രക്തത്തിന്റെ സാന്നിദ്ധ്യം വ്യക്തമാകുകയും ചെയ്തിരുന്നു. എന്നാൽ ഏതൊക്കെ പ്രതികൾ ഏതൊക്കെ ആയുധങ്ങൾ കൊണ്ടാണ് വിഷ്ണുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന കാര്യം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. കുറ്റപത്രത്തിലെ ഈ ഗുരുതര വീഴ്ച പ്രതികളെ സഹായിക്കാൻ കരുതിക്കൂട്ടി ചെയ്തതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. മാത്രമല്ല കുറ്റപത്രത്തിലെ സാക്ഷി മൊഴികളിൽ പലതും കുറ്ര കൃത്യവുമായി പൊരുത്തപ്പെടുന്നവയുമല്ല.

2016 ഒക്ടോബർ ഏഴിനാണ് കണ്ണമ്മൂല പുത്തൻ പാലത്തിന് സമീപം തോട്ടരികത്ത് വീട്ടിൽ വച്ച് വിഷ്ണു ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാക്കളായ പുത്തൻപാലം രാജേഷ്-ഡിനി ബാബു സംഘങ്ങളുടെ ഗുണ്ടാപ്പക ആയിരുന്നു കൊലയ്ക്ക് കാരണമായത്. കൊല്ലപ്പെട്ട വിഷ്ണു പുത്തൻപാലം രാജേഷിന്റെ ബന്ധുവും അടുത്ത അനുയായിയുമാണ്. ഡിനി ബാബുവിന്റെ സഹോദരൻ സുനിൽ ബാബുവിനെ വെട്ടി കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിരുന്നു വിഷ്ണുവിന്റെ കൊല.