ചുഴലിക്കാറ്റ് രണ്ടു നാൾക്കകം തമിഴ്നാട് തീരത്ത്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ആഴക്കടലിൽ രൂപപ്പെട്ട ഫാനി ചുഴലിക്കാറ്റ് രണ്ടു ദിവസത്തിനുള്ളിൽ തമിഴ്നാട് തീരം വഴി കടന്നുപോകും. ഇതിന്റെ ഫലമായി കേരളത്തിൽ മേയ് ഒന്നുവരെ വ്യാപക മഴയുണ്ടാകും. ദുരന്തമൊഴിവാക്കാൻ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിങ്കളും ചാെവ്വയും കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകും. തിരകൾ രണ്ടു മീറ്ററോളം ഉയരും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. പോയവരുണ്ടെങ്കിൽ ഉടൻ തിരിച്ചെത്തണം.
നാളെയും മറ്റന്നാളും തീരപ്രദേശത്ത് മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കും. മലയോര മേഖലകളിൽ ഉരുൾപൊട്ടാനിടയുണ്ട്. രാത്രി യാത്ര ഒഴിവാക്കണം. വെള്ളപ്പൊക്കമുണ്ടായാൽ നേരിടാൻ പ്രളയ കിറ്റ് കരുതാനും നിർദ്ദേശമുണ്ട്. 29ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും 30 ന് കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.