തിരുവനന്തപുരം : കടലാക്രമണത്തിന്റെ സാദ്ധ്യത നിലനിൽക്കുമ്പോഴും അവഗണനയുടെ വീർപ്പുമുട്ടലിലാണ് തീരദേശവാസികൾ. ഓഖിയിൽ തകർന്ന വഴി പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറാകാത്തതിനാൽ ചെറിയതുറ മേഖലയിലെ ജനങ്ങൾ കാൽ യാത്രയ്ക്കുപോലും ബുദ്ധിമുട്ടുകയാണ്. സിന്ധുമാതാ കുരിശടിക്ക് സമീപത്തെ നൂറുകണക്കിന് ജനങ്ങളാണ് അവഗണന നേരിടുന്നത്. കടലാക്രമണത്തെ ചെറുക്കാൻ പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് കടലിന് സമാന്തരമായി കൂട്ടിയിട്ട കരിങ്കല്ലുകളുടെ ഓരം ചേർന്ന് നിർമ്മിച്ച റോഡ് ഓഖിയിൽ തകർന്നെങ്കിലും പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായില്ല. വഴിയുടെ ഓരം ചേർന്ന് നിർമ്മിച്ചിട്ടുള്ള വീടുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവർ നടക്കുന്ന വഴിയാണിത്. റോഡിൽ ഉണ്ടായിരുന്ന പൊതുടാപ്പും കടലാക്രമണത്തിൽ തകർന്നിരുന്നു.ടാർ റോഡ് ഇടിഞ്ഞുതകർന്നപ്പോൾ പുറത്തുകാണാൻ കഴിയുന്ന നിലയിലാണ് ജലവിതരണ പൈപ്പ് ഇപ്പോൾ സ്ഥിതിചെയ്യുന്നത്. വെള്ളമെടുക്കാനായി കുട്ടികളടക്കം ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. മിക്ക ദിവസങ്ങളിലും മുതിർന്നവരടക്കം റോഡിന്റെ തകർന്ന ഭാഗങ്ങളിൽ തട്ടി വീണു പരിക്കേൽക്കുന്നത് സ്ഥിരമാണെന്നും കുട്ടികളുമായി ജീവഭയത്തോടെയാണ് കഴിയുന്നതെന്നും സമീപവാസിയായ മരിയദാസി പറയുന്നു.