amit-pangal
amit pangal

ന്യൂഡൽഹി : പനിയൊക്കെ എപ്പോ വേണമെങ്കിലും വരും, പോകും. പക്ഷേ രാജ്യത്തിനായൊരു സ്വർണം നേടാനുള്ള അവസരം എപ്പോഴും കിട്ടില്ലല്ലോ? കഴിഞ്ഞദിവസം ബാങ്കോക്കിൽ നടന്ന ഏഷ്യൻ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടുത്ത പനിയെ അവഗണിച്ചിറങ്ങി സ്വർണം നേടിയ ഇന്ത്യൻ താരം അമിത് പംഗലിന്റെ വാക്കുകളാണിത്. കഴിഞ്ഞവർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്ന പംഗലിന് ഇനിയുള്ള ലക്ഷ്യം 2020 ടോക്കിയോ ഒളിമ്പിക് സ്വർണമാണ്. ഏഷ്യയിലെ മെഡൽത്തിളക്കം ഏഷ്യയിൽ അരങ്ങേറുന്ന ഒളിമ്പിക്സിൽ തനിക്ക് ആത്മവിശ്വാസം പകരുന്നുവെന്ന് പംഗൽ പറയുന്നു.

ഫൈനലിൽ കൊറിയൻ താരം കിം ഇൻക്യുവിനെ ഇടിച്ചിട്ടാണ് പംഗൽ പൊന്നണിഞ്ഞത്. മത്സരത്തിന് തലേന്ന് രാത്രിയാണ് പനി കടുത്തത്. ഹോട്ടൽ മുറിയിൽ എഴുന്നേൽക്കാൻ പോലും കഴിയാതെ കിടപ്പിലായിരുന്നു. ടീം ഫിസിയോ രോഹിത് കാശ്യപാണ് പംഗലിന് ആത്മവിശ്വാസം നൽകിയത്. ഓരോ രണ്ട് മണിക്കൂറിനിടയിലും രോഹിത് സർ മുറിയിൽ വന്ന് എന്നെ നോക്കിയിരുന്നു. പിറ്റേന്ന് റിംഗിലിറങ്ങാൻ കഴിയമോ എന്ന് ആശങ്കപ്പെട്ടിരുന്ന എനിക്ക് ധൈര്യം തന്നത് അദ്ദേഹമാണ്. എന്തുസംഭവിച്ചാലും സ്വർണം എനിക്ക് തന്നെ കിട്ടുമെന്ന് അദ്ദേഹം വിശ്വസിപ്പിച്ചു- പംഗൽ പറയുന്നു.

രണ്ടുമാസത്തിനിടെ പംഗലിന്റെ രണ്ടാം സ്വർണമാണിത്. ഫെബ്രുവരിയിൽ സ്ട്രാൻഡ്വ മെമ്മോറിയൽ ടൂർണമെന്റിൽ സ്വർണം നേടിയിരുന്നു. 2017 ൽ നടന്ന കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പംഗലിന് വെങ്കലം ലഭിച്ചിരുന്നു. അന്ന് 49 കി.ഗ്രാം വിഭാഗത്തിലാണ് മത്സരിച്ചിരുന്നത്. ഇപ്പോൾ 52 കി.ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഒളിമ്പിക്സിൽ 49 കി.ഗ്രാം വിഭാഗം ഇല്ലാത്തതിനാലാണ് 52 കി. ഗ്രാമിലേക്ക് മാറേണ്ടിവന്നത്.

ഈ വർഷം സെപ്തംബറിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ മെഡലാണ് പംഗലിന്റെ തൊട്ടടുത്ത ലക്ഷ്യം. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയാൽ ഒളിമ്പിക് ക്വാട്ടാബർത്തും സ്വന്തമാക്കാം.