ipl-mumbai-win
ipl mumbai win

ചെന്നൈ : പനിക്കിടക്കയിലായ ധോണി ചെന്നൈ സൂപ്പർകിംഗ്സ് നിരയിൽ ഇല്ലാതിരുന്നത് കഴിഞ്ഞരാത്രി രോഹിത് ശർമ്മയെ സന്തോഷിപ്പിച്ചിട്ടുണ്ടാകാം. ഒരു പക്ഷേ ധോണി ഉണ്ടായിരുന്നെങ്കിൽ കൈവിട്ടുപോകുമായിരുന്ന വിജയമാണ് ചെപ്പോക്കിൽ മുംബയ് ഇന്ത്യൻസ് നേടിയത്.

കഴിഞ്ഞ രാത്രി നടന്ന ഐ.പി.എൽ മത്സരത്തിൽ 46 റൺസിനായിരുന്നു മുംബയുടെ ചേസിംഗ് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബയ് എടുത്തത് 155/4 എന്ന സ്കോർ മാത്രം. എന്നാൽ ധോണിക്ക് പകരം സുരേഷ് റെയ്‌നയുടെ നായകത്വത്തിന് കീഴിലിറങ്ങിയ ചെന്നൈയ്ക്ക് 17.4 ഓവറിൽ 109 ന് ആൾ ഔട്ടാകാനായിരുന്നു വിധി. ഈ സീസണിലെ ചെന്നൈയുടെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായിരുന്നു ഇത്.

പനികാരണം ധോണിയെ മാത്രമല്ല രവീന്ദ്ര ജഡേജയെയും ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. ഇരുവരും ഗ്രൗണ്ടിലേക്ക് എത്തിയതുപോലുമില്ല. ചെന്നൈയിലെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ ധോണിയെപ്പോലൊരു താരം ഇല്ലാതിരുന്നതിന്റെ കുറവ് മുഴുവൻ ടീം തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം ധോണി പരിക്കുമൂലം കളിക്കാനിറങ്ങാതിരുന്നപ്പോഴും ചെന്നൈ തോറ്റിരുന്നു.

156 റൺസ് ലക്ഷ്യവുമായി ചേസിംഗിനിറങ്ങിയ ചെന്നൈയ്ക്ക് ആദ്യ ഓവർ മുതൽ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങിയിരുന്നു. വാട്ട്സൺ (8), റെയ്‌ന (2), അമ്പാട്ടി റായ്ഡു (0), കേദാർ യാദവ് (6), ധ്രുവ് ഷോറേയ് (5) എന്നിവർ കൂടാരം കയറിയപ്പോൾ സ്കോർ 10 ഓവറിൽ 60/5 ആറുവരെ പിടിച്ചുനിന്ന മുരളി വിജയ‌‌യും (38) 12-ാം ഓവറിൽ മടങ്ങി. തുടർന്ന് ഡ്വെയ്ൻ ബ്രാവോയും (20), മൈക്കേൽ സാന്റ്‌നറും (22) ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിവച്ചെങ്കിലും 16-ാം ഓവറിൽ ടീം സ്കോർ 99 ലെത്തിയപ്പോൾ ബ്രാവോയെ സ്വന്തം ബൗളിംഗിൽ പിടികൂടി മലിംഗ കളിയുടെ ഗതി വീണ്ടും മുംബയ്ക്ക് അനുകൂലമാക്കി. തുടർന്ന് ദീപക് ചഹർ (0) നെ ബുംറ ഡക്കാക്കി. 18-ാം ഓവറിൽ മലിംഗ ഹർഭജനെയും സാന്റ്നറെയും പുറത്താക്കി തങ്ങളുടെ വിജയം ആഘോഷിച്ചു.

നാലുവിക്കറ്റുകളുമായി മലിംഗയും രണ്ട് വിക്കറ്റുമായി ക്രുനാൽ പാണ്ഡ്യയും ബുംറയും ഓരോ വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും എ.എസ്. റോയ്‌യും ചേർന്ന് ഒത്തൊരുമയുള്ള ബൗളിംഗ് കാഴ്ചവച്ചതാണ് മുംബയ്ക്ക് മികച്ച വിജയം നൽകിയത്.

കൂട്ടായ ബൗളിംഗ് പരിശ്രമത്തിനിടയിലും മാൻ ഒഫ് ദ മാച്ചിന് അർഹനായത് മുംബയ് നായകൻ രോഹിത് ശർമ്മയാണ്. 48 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസ് നേടിയ രോഹിത് ഓപ്പണിംഗിനിറങ്ങി 17-ാം ഓവർ വരെ ക്രീസിലുണ്ടായിരുന്നതാണ് മുംബയെ വിജയിക്കാനാവശ്യമായ സ്കോറിലെത്തിച്ചത്.

1

ഈ സീസണിൽ രോഹിത് ശർമ്മയുടെ ആദ്യ അർദ്ധസെഞ്ച്വറിയാണ് ചെന്നൈയിൽ പിറന്നത്.

2

ഈ സീസണിലെ രണ്ട് മത്സരങ്ങളിലും മുംബയ് ഇന്ത്യൻസ് ചെന്നൈയെ കീഴടക്കി. ഏപ്രിൽ മൂന്നിന് നടന്ന മത്സരത്തിൽ 37 റൺസിനായിരുന്നു മുംബയുടെ വിജയം.

2

ഈ സീസണിൽ സുരേഷ് റെയ്ന നയിച്ച രണ്ടാമത്തെ മത്സരത്തിലും മുംബയ് തോറ്റു.

4

ഈ സീസണിലെ ചെന്നൈയുടെ നാലാമത്തെ തോൽവിയാണിത്. മുംബയും നാല് മത്സരങ്ങൾ തോറ്റിട്ടുണ്ട്.

2015

നുശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ഹോംഗ്രൗണ്ടിൽ തോൽക്കുന്ന ആദ്യമത്സരമാണിത്.

പോയിന്റ് ടേബിൾ

ടീം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ

ചെന്നൈ 12-8-4-16

മുംബയ് 11-7-4-14

ഡൽഹി 11-7-4-14

ഹൈദരാബാദ് 10-5-5-10

പഞ്ചാബ് 11-5-6-10

കൊൽക്കത്ത 11-4-7-8

രാജസ്ഥാൻ 11-4-7-8

ബാംഗ്ളൂർ 11-4-7-8

ഇന്നലത്തെ മത്സരഫലം വരുന്നതിന് മുമ്പുള്ള നില

ഇന്നത്തെ മത്സരങ്ങൾ

ഡൽഹി Vs ബാംഗ്ളൂർ

വൈകിട്ട് 4 മുതൽ

കൊൽക്കത്ത Vs മുംബയ്

രാത്രി 8 മുതൽ