വിതുര: കല്ലാർ വട്ടക്കയത്തിൽ മുങ്ങിത്താഴ്ന്ന അച്ഛനെയും മകനെയും പരിസരവാസികൾ രക്ഷപ്പെടുത്തി. പത്തനംതിട്ടയിൽ നിന്ന് പൊൻമുടി സന്ദർശിക്കാനെത്തിയ പത്തംഗസംഘത്തിൽ പെട്ടവരാണ് കയത്തിൽ അകപ്പെട്ടത്.ആദ്യം സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം ജഗതി സ്വദേശിയും പത്തനംതിട്ട എ.ആർ.ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡർ സുരേഷ്ബാബുവിന്റെ മകനുമായ നിരജ്ഞൻ (14) വട്ടക്കയത്തിൽ കുളിക്കാനിറങ്ങി. നിരജ്ഞൻ കയത്തിൽ മുങ്ങി താഴ്ന്നപ്പോൾ രക്ഷപ്പെടുത്തുന്നതിനായി അച്ഛൻ സുരേഷ്ബാബു കയത്തിലേക്ക് എടുത്തുചാടി. അച്ഛനും മകനും കയത്തിൽ മുങ്ങി താഴ്ന്നു. ഇതോടെ സംഘത്തിലുണ്ടായിരുന്നവർ നിലവിളിച്ചു. വട്ടക്കയത്തിന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഏറെ പണിപ്പെട്ട് ഇരുവരെയും പുറത്തെടുത്തു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായിരുന്ന നിരജ്ഞന് പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിരജ്ഞൻ അപകടനില തരണം ചെയ്തതായി ഡോക്ടർ അറിയിച്ചു. സുരേഷ്ബാബു വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മൂന്ന് കാറുകളിലായി പത്തംഗ സംഘം പൊൻമുടി സന്ദർശിക്കാനെത്തിയതായിരുന്നു. കല്ലാറിൽ എത്തി ഭക്ഷണമൊക്കെ കഴിഞ്ഞ് വട്ടക്കയത്തിൽ കുളിക്കാനിറങ്ങവേയാണ് അപകടം.