തിരുവനന്തപുരം: പ്രശസ്ത പത്രപ്രവർത്തകനും മലയാള മനോരമ മുൻ സിറ്റി എഡിറ്ററുമായ (തിരുവനന്തപുരം) ഡി.വിജയകുമാർ (76) നിര്യാതനായി. മൃതദേഹം ഇന്നു രാവിലെ 11ന് തിരുവനന്തപുരം പ്രസ്‌ ക്ലബിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് നെയ്യാറ്റിൻകര പെരുമ്പഴുതൂരിലെ കുടുംബക്കല്ലറയിൽ.
വിജയകുമാർ ഒട്ടേറെ രാഷ്ട്രീയ ലേഖനങ്ങളിലൂടെയും നിയമസഭാ അവലോകനങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. 44 വർഷം മനോരമയിൽ സേവനം അനുഷ്ഠിച്ചു. ഇതിൽ നല്ലൊരു പങ്കും പ്രത്യേക ലേഖകൻ എന്ന നിലയിൽ ന്യൂസ് ബ്യൂറോയിലായിരുന്നു. 2013 ലാണ് വിരമിച്ചത്. തിരുവനന്തപുരം പ്രസ്‌ ക്ലബിന്റെ പ്രസിഡന്റായിരുന്നു. മികച്ച രാഷ്ട്രീയ ലേഖനങ്ങൾക്ക് സി.എച്ച് സ്മാരക അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടിലേറെ നിയമസഭാ നടപടികൾ റിപ്പോർട്ട് ചെയ്തതിന് പ്രത്യേക ആദരവിന് അർഹനായി.
പെരുമ്പഴുതൂർ ഹാപ്പി വില്ലയിൽ ദാസയ്യയുടെ മകനാണ്. ചെറുപുഷ്പമാണ് ഭാര്യ. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചിച്ചു.