01
കാട്ടായിക്കോണത്ത് ഇന്നലെ പിക്കപ്പ് വാൻ ഓട്ടോയിലിടിച്ചുണ്ടായ അപകടം.

പോത്തൻകോട്: കാട്ടായിക്കോണത്ത് അമിത വേഗതയിലെത്തിയ പിക്കപ്പ് വാൻ ആട്ടോ റിക്ഷയിലിടിച്ച് ആട്ടോ ഡ്രൈവർ മരിച്ചു. വാവറമ്പലം പുളിക്കച്ചിറ ക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി (58 ) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ന് കാട്ടായിക്കോണം ജംഗ്‌ഷനിലെ അയിരൂപ്പാറ വില്ലേജ് ഓഫീസിന് സമീപത്തായിരുന്നു അപകടം.

പോത്തൻകോട് ഭാഗത്ത് നിന്നുവന്ന ആട്ടോ, യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ പോകാനായി തിരിക്കവെ, അമിതവേഗതയിലെത്തിയ പിക്കപ്പ് വാൻ ആട്ടോയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണൻകുട്ടിയെ ഓടിക്കൂടിയ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ പിക്കപ്പ് വാനിന്റെ ഡ്രൈവറെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പിക്കപ്പിന്റെ പിന്നാലെ നിറയെ യാത്രക്കാരുമായെത്തിയ മിനി ബസും അപകടത്തിൽപ്പെട്ടുവെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി.

വെഞ്ഞാറമൂട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വന്ന മിനിബസിലെ യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റു. ഏറെ നാൾ ഗൾഫിലായിരുന്ന കൃഷ്ണൻകുട്ടി രണ്ട് വർഷം മുമ്പ് നാട്ടിലെത്തി, വാവറമ്പലം സ്റ്റാൻഡിൽ ആട്ടോ ഡ്രൈവറായി ജോലിനോക്കുക യായിരുന്നു. ഭാര്യ: ഉഷ. മക്കൾ: ദേവിക (പ്ലസ് ടു വിദ്യാർത്ഥിനി), ഗോപിക (ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ).