ബെയ്‌ജിംഗ് : ഇന്ത്യൻ ഷൂട്ടിംഗ് താരം അഭിഷേക് വെർമ്മ ചൈനയിൽ നടക്കുന്ന ഷൂട്ടിംഗ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സ്വർണം സ്വന്തമാക്കി. ഇതോടെ ടോക്കിയോ ഒളിമ്പിക്സിനുള്ള ക്വാട്ടാബർത്തും അഭിഷേക് സ്വന്തമാക്കി. ഒളിമ്പിക് ബർത്ത് നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ആദ്യമായാണ് അഭിഷേക് ലോകകപ്പ് ഫൈനലിലെത്തുന്നതും സ്വർണം നേടുന്നതും. 242.7 പോയിന്റ് നേടിയാണ് അഭിഷേകിന്റെ സ്വർണം.
ബജ്‌റംഗിന്
ന്യൂയോർക്കിലേക്ക് ക്ഷണം
ന്യൂഡൽഹി : കഴിഞ്ഞദിവസം ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം ബജ്‌റംഗ് പൂനിയയ്ക്ക് അമേരിക്കയിലെ ന്യൂയോർക്ക് ഫൈറ്റ് നൈറ്റിലേക്ക് ക്ഷണം. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടക്കുന്ന ഫൈറ്റ് നൈറ്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ഗുഡ് താരമാകും ബജ്റംഗ്. മേയ് ആറിനാണ് അമേരിക്കൻ ചാമ്പ്യൻ യിയാനി ഡയാക്കോ മിഹൈൽസുമായി ബജ്റംഗിന്റെ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഏഷ്യൻ ഗെയിംസിലടക്കം എട്ട് അന്താരാഷ്ട്ര മെഡലുകൾ നേടിയ ബജ്‌റംഗ് ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരനുമാണ്.
ഷമിക്കും ജഡേജയ്ക്കും
അർജുന ശുപാർശ
ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഈവർഷത്തെ അർജുന അവാർഡ് പുരസ്കരങ്ങൾക്കായി പേസർമാരായ മുഹമ്മദ് ഷമിയെയും ജസ്‌പ്രീത് ബുംറയെയും ആൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും വനിതാ താരം പൂനം യാദവിനെയും കേന്ദ്ര കായിക മന്ത്രാലയത്തിന് ശുപാർശ ചെയ്തു. ബി.സി.സി.ഐ താത്കാലിക ഭരണ സമിതിയാണ് ശുപാർശ നൽകിയത്. ഷമിയുടെ പേരിൽ ഭാര്യ നൽകിയ കേസുകൾ നിലനിൽക്കെയാണ് ശുപാർശ.
ഗുർപ്രീതിന് വെള്ളി
ഷിയാൻ : ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ഗുർപ്രീത് സിംഗിന് വെള്ളി മെഡൽ. ഗ്രെക്കോ റോമൻ 77 കി.ഗ്രാം ഫൈനലിൽ കൊറിയയുടെ ഹെയൻവൂ കിമ്മിനോട് തോറ്റതോടെയാണ് ഗുർപ്രീത് വെള്ളിയിലൊതുങ്ങിയത്.