തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്കൽ ആട്ടോറിക്ഷകൾ (ഗ്രീൻ ആട്ടോ) രണ്ട് മാസത്തിനുള്ളിൽ നിരത്തിലിറങ്ങും. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരള ആട്ടോമൊബൈൽസ‌് ലിമിറ്റഡ‌് (കെ.എ.എൽ) നിർമ്മിച്ച ഇ-ആട്ടോകൾ വിപണിയിലിറക്കുന്നതിനു മുമ്പുള്ള പരിശോധനയ‌്ക്കായി ആട്ടോമോട്ടീവ‌് റിസർച്ച‌് അസോസിയേഷന‌് (എ.ആർ.എ.ഐ) സമർപ്പിച്ചു. എ.ആർ.എ.ഐയുടെ അനുമതി ലഭിച്ചാലേ വാഹനങ്ങൾ ആർ.ടി.ഒയിൽ രജിസ‌്റ്റർ ചെയ്യാനാകൂ. തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിക്രമങ്ങൾ വൈകുന്നതെന്ന് അധികൃതർ പറയുന്നു. നാല് മാസം കൊണ്ട് കെ.എ.എല്ലിലെ എൻജിനിയർമാർ നിർമ്മിച്ച ആട്ടോറിക്ഷ 4500 കിലോമീറ്റർ വരെ ഓടിച്ച് ടെസ്റ്റ് ഡ്രൈവും നടത്തി. പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്ട്രിക്കൽ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർനയത്തിന്റെ ഭാഗമായാണ‌് കെ.എ.എൽ ഇ-ആട്ടോറിക്ഷ നിർമ്മാണത്തിലേക്ക‌് കടന്നത‌്. ഇതിനായി സർക്കാർ പത്തു കോടി രൂപയും അനുവദിച്ചിരുന്നു.
വീട്ടിലും ചാർജ് ചെയ്യാം
ഇ-ആട്ടോകൾക്ക് ബാറ്ററി ചാർജ് ചെയ്യുന്നതിന് സ്റ്റേഷനുകൾ സ്ഥാപിക്കും. വീടുകളിലും ചാർജ് ചെയ്യാനാകുന്ന സൗകര്യമുണ്ടാകുമെന്നും അധികൃതർ പറയുന്നു. കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷനുകൾക്ക് പകൽസമയത്ത് യൂണിറ്റിന് 5.50 രൂപ നിരക്കിലും വൈകിട്ട് ആറ് മുതൽ രാത്രി 11 വരെ ആറ് രൂപ നിരക്കിലും വൈദ്യുതി നൽകും.
വില 2.50 ലക്ഷം
4 മണിക്കൂർ ചാർജ‌് ചെയ്താൽ 120 കിലോമീറ്റർ വരെ ഓടാം.
ഒരു കിലോമീറ്ററിന‌് വെറും 50 പൈസയാണ‌് ചെലവ‌്.
മൂന്ന് പേർക്ക് യാത്ര ചെയ്യാം.
പ്രതിവർഷം 10,000 ഇ-ആട്ടോകൾ വിപണിയിലിറക്കും.
പരമാവധി വേഗം 55 കിലോമീറ്ററും
ഭാരം 295 കിലോ
ഗുണങ്ങൾ
ശബ്ദരഹിതം, യാത്രാ സുഖം, അന്തരീക്ഷമലിനീകരണമില്ല
''ആട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ അംഗീകാരം കിട്ടുന്ന മുറയ്ക്ക് ഇ - ആട്ടോകൾ വിപണിയിലിറക്കും.
-എ. ഷാജഹാൻ, കേരള ആട്ടോമൊബൈൽസ് എം.ഡി