nta

നെയ്യാറ്റിൻകര: കാട്ടാക്കട, നെയ്യാറ്റിൻകര തുടങ്ങിയ പ്രധാനപട്ടണങ്ങൾ ഉൾപ്പെടുന്ന നെയ്യാറ്റിൻകര താലൂക്ക് ഒരു ജില്ലയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി രൂപീകരിച്ച ജില്ലാ രൂപീകരണസമിതിയുമായി വിവിധ സംഘടനാ പ്രവർത്തകർ സഹകരിച്ചതോടെ ഇതൊരു ബഹുജനമുന്നേറ്റമായതായാണ് പറയപ്പെടുന്നത്. നെയ്യാറ്റിൻകരയിലെ ജനജീവിത നിലവാരം ഉയർത്താൻ വേണ്ടിയുള്ള സമരങ്ങൾക്ക് രണ്ടു വർഷത്തിലേറെ പഴക്കമുണ്ട്. ജില്ല രൂപീകരിക്കപ്പെട്ടാൽ സംസ്ഥാനഫണ്ട് വിഹിതവും കേന്ദ്ര സർക്കാർ ജില്ലകൾക്കായി പ്രഖ്യാപിക്കുന്ന വിവിധ പാക്കേജുകളും ക്ഷേമ പദ്ധതികളും നെയ്യാറ്റിൻകരയ്ക്ക് ലഭിക്കും. കഴിഞ്ഞ 34 വർഷമായി കേരളത്തിൽ പുതുതായി ജില്ലകൾ രൂപീകരിച്ചിട്ടില്ലെന്ന് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതി ഭാരവാഹിയായ മുൻ മന്ത്രി ആർ. സുന്ദരേശൻനായർ പറയുന്നു. നെയ്യാറ്റിൻകര താലൂക്കിലെ പ്രതിശീർഷ വരുമാനം 80,278 രൂപയാണ്. പിന്നാക്ക ജില്ലയായ വയനാട് ജില്ലയിലെ വരുമാനം 81,842 രൂപയും. വയനാടിനെക്കാൾ കുറവാണ് നെയ്യാറ്റിൻകരയിലെ പ്രതിശീർഷ വരുമാനം. ഇത് പ്രാദേശിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും സുന്ദരേശൻനായർ പറയുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക വികസന പദ്ധതികൾ ഉണ്ടെന്നിരിക്കെ കാർഷിക മേഖലയായ ചെങ്കൽ, കുളത്തൂർ, മാവിളക്കടവ്, ഓലത്താന്നി, വെൺപകൽ, വെള്ളായണി തുടങ്ങിയ പ്രദേശങ്ങളിൽ ജനസംഖ്യാനുപാതികമായ വികസനം നടപ്പാക്കിയിട്ടില്ല.

റവന്യൂ ഡിവിഷൻ ജലരേഖ

കരമന മുതൽ പാറശാല വരെ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര റവന്യൂഡിവിഷൻ രൂപീകരിക്കാനായി 1982ൽ നെയ്യാറ്റിൻകരയിൽ സ്ഥലം കണ്ടെത്തി മിനി സിവിൽ സ്റ്റേഷൻ കെട്ടിടസമുച്ചയം പണിതെങ്കിലും ഇതുവരെ യാഥാർത്ഥ്യമായില്ല. പകരം ആദ്യം തിരുവനന്തപുരത്തും പിന്നീട് നെടുമങ്ങാട്ടും വീണ്ടും തിരുവനന്തപുരത്തും ചേർത്ത് പ്രവർത്തിപ്പിക്കുകയാണ് അധികൃതർ ചെയ്തത്. നെയ്യാറ്റിൻകര റവന്യൂ ഡിവിഷൻ നെടുമങ്ങാട്ട് ചേർത്തതിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിയൻ പി. ഗോപിനാഥൻനായർ ഹൈക്കോടതിയിൽ പരാതി നൽകി. ഇങ്ങനെ ചേർത്ത മാനദണ്ഡത്തെക്കുറിച്ചുള്ള വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് നെയ്യാറ്റിൻകര റവന്യൂ ഡിവിഷൻ വീണ്ടും തലസ്ഥാനത്തേക്ക് മാറ്റിയത്.

ജനസംഖ്യ അനുകൂലം

വയനാട് ജില്ലയിലെ ജനസംഖ്യ 8.17 ലക്ഷം

കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലാകെ ജനസംഖ്യ 10 ലക്ഷം

27 ലക്ഷം ജനങ്ങൾ മാത്രമുള്ള മണിപ്പൂരിൽ 16 ജില്ലകൾ

3.5 കോടി ജനസംഖ്യയുള്ള കേരളത്തിൽ 14 ജില്ലകൾ

നെയ്യാറ്റിൻകര ജില്ലാരൂപീകരണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 ന് ബാലരാമപുരം ജംഗ്ഷനിൽ സായാഹ്നധർണ നടത്തും