നേമം: രണ്ടാം ഘട്ട നിർമ്മാണം പുരോഗമിക്കുന്ന കരമന-കളിയിക്കാവിള ദേശീയ പാതയുടെ നിർമ്മാണം ഒച്ചിഴയും വേഗത്തിലായെന്ന് ആക്ഷേപമുയരുന്നു. പ്രാവച്ചമ്പലം മുതൽ ബാലരാമപുരം - കൊടിനടവരെയുള്ള ഭാഗം ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പണി എങ്ങുമെത്താതെ നീളുകയാണ്. കൂടാതെ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം നിത്യേന നിരവധി അപകടങ്ങളും വർദ്ധിക്കുകയാണ്. പ്രാവച്ചമ്പലം മുതൽ കൊടിനടവരെയുള്ള 97 ശതമാനത്തോളം ഭൂമിയും ഒഴിപ്പിച്ച് കെട്ടിടങ്ങൾ ഇടിച്ച് നിരത്തിയെങ്കിലും റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടുന്ന ജോലി ഇനിയും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രോജക്ട് റിപ്പോർട്ട് പ്രകാരം കിഫ്ബിയുടെ സഹായത്തോടെ 111.5 കോടി രൂപയ്ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനായി കഴിഞ്ഞ വർഷം തന്നെ 266 കോടി രൂപ പൊതുമരാമത്ത് വകുപ്പ് ജില്ലാ കളക്ടർക്ക് കെെമാറിയിരുന്നു. അതുപ്രകാരമാണ് അടുത്ത നടപടികളിലേക്ക് കടന്നത്. എന്നാൽ രണ്ടാം റീച്ചിന്റെ നർമ്മാണം മന്ദഗതിയിലായതോടെ അടുത്ത ഘട്ടമായ ബാലരാമപുരം -വഴിമുക്കുവരെയുള്ള ദേശീയപാത വികസനത്തിൽ ആശങ്കയിലാണ് പ്രദേശവാസികൾ.
നിർമ്മാണം അശാസ്ത്രീയമായി
ഇപ്പോൾ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ പലയിടത്തും അനാവശ്യമായി മണ്ണും പാഴ്‌വസ്തുക്കളും കൂട്ടിയിടുന്നതിനാൽ ഈ ഭാഗത്ത് ദിനംപ്രതി ചെറുതും വലുതുമായ നിരവധി അപകടങ്ങൾ നടക്കുന്നതായും പരാതിയുണ്ട്. പല സ്ഥലങ്ങളിലും ഡ്രെയിനേജുകൾ പൊട്ടി മലിനജലവും പാഴ്‌വസ്തുക്കളും റോഡിലൂടെ ഒഴുകുന്നതിനാൽ പകർച്ചവ്യാധി ഭീതിയിലാണ് പരിസരവാസികൾ.
വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടെങ്കിൽ മാത്രമേ പണികൾ വേഗത്തിൽ പൂർത്തീകരിക്കാനാകൂ. പല സ്ഥലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന പണി ഇനിയും ആരംഭിച്ചിട്ടില്ല. കൂടാതെ ടെലികമ്മ്യൂണിക്കേഷൻ ലെെനുകളും മാറ്റി സ്ഥാപിച്ചിട്ടില്ല. വരുന്ന മഴക്കാലത്തിനു മുൻപ് തന്നെ റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് റോഡ് മണ്ണിട്ട് ഫില്ല് ചെയ്യേണ്ടതുണ്ട്. ഇത് വൈകിയാൽ മഴക്കാലം കഴിയുംവരെ കാത്തിരിക്കേണ്ടി വരും.