വിഴിഞ്ഞം: വിഴിഞ്ഞത്ത് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണം അനിശ്ചിതത്വത്തിലായി. സ്ഥലത്തെ തടസങ്ങൾ നീങ്ങാത്തതു കാരണമാണ് നിർമാണം വൈകുന്നത്. മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാത്തതാണ് പരക്കെ ആക്ഷേപത്തിന് ഇടയാക്കുന്നത്. രാജ്യാന്തര തുറമുഖ നിർമാണ സ്ഥലത്തെ കരാർ ജോലികൾ ചെയ്യുന്ന അഫ്കോൺസ് എന്ന കമ്പനിക്കാണ് ആധുനിക മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിന്റെയും ചുമതല. രാജ്യാന്തര തുറമുഖ സ്ഥലത്തെ നിർമ്മാണ പദ്ധതികൾ അന്തിമഘട്ടത്തിലാണ്. ഇവിടത്തെ ജോലികൾ പൂർത്തിയായാലുടൻ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കേണ്ടതാണ്. രാജ്യാന്തര തുറമുഖ നിർമ്മാണ സ്ഥലത്തെ പുലിമുട്ടിൽ നിന്നു വലിയ കടപ്പുറം ഭാഗത്തേക്ക് ഒരു പുലിമുട്ട് നിർമ്മിച്ചാലേ ഫിഷിംഗ് ഹാർബറിനെ സംരക്ഷിക്കാൻ കഴിയൂ. എന്നാൽ കരിങ്കൽ ലഭ്യമല്ലാത്തതിനാൽ രാജ്യാന്തര തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണമുൾപ്പെടെയുള്ളവ നിലച്ചിരിക്കുകയാണ്. പഴയ വാർഫിനോട് ചേർന്ന് ഒരു വശത്ത് പുലിമുട്ടുള്ളതിനാൽ മറുവശത്ത് മാത്രം പുലിമുട്ട് നിർമ്മിച്ചാൽ മതിയെന്ന നേട്ടവും ഇവിടെയുണ്ട്.
ഉടനേ നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ കമ്പനിയുടെ വിഴിഞ്ഞം ഭാഗത്തെ 800 ഓളം തൊഴിലാളികൾക്ക് പണിയില്ലാതാകും.
പദ്ധതി ഇതുവരെ
അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് നടപ്പിലാക്കുന്ന സാമൂഹിക പ്രതിബദ്ധതാ പാക്കേജിന്റെ ഭാഗമായാണ് പുതിയ ഫിഷിംഗ് ഹാർബർ വരുന്നത്. ആധുനിക രീതിയിലുള്ള മത്സ്യ ബന്ധന തുറമുഖത്തിനൊപ്പം തന്നെ ഇവിടെ ഫിഷ് ലാൻഡിംഗ് സെന്ററും സീ ഫുഡ് പാർക്കും നിർമ്മിക്കുമെന്ന് നേരത്തേ അധികൃതർ പറഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ മത്സ്യ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമാക്കി സീ ഫുഡ് പാർക്കും ഉണ്ടാകും. ആധുനിക സൗകര്യങ്ങളോടെയാകും സീ ഫുഡ് പാർക്ക് വരുന്നത്. 30 കോടിയാണ് ഈ പദ്ധതിയുടെ ചെലവ്. 140 മീറ്റർ നീളമുള്ള മത്സ്യ ബന്ധന ബ്രേക്ക് വാട്ടറും 500 മീറ്റർ ബർത്ത് സൗകര്യത്തോടും കൂടിയ മത്സ്യബന്ധന തുറമുഖത്തിന് 131.12 കോടി രൂപയാണ് ചെലവ്.
ഇതോടൊപ്പം അദാനി ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പാക്കേജിന്റെ ഭാഗമായ് വൻ വികസനവും അടിസ്ഥാന സൗകര്യങ്ങളുമാണ് വിഴിഞ്ഞത്തുകാരെ കാത്തിരിക്കുന്നത്. തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ വിഴിഞ്ഞം മതിപ്പുറം ഭാഗങ്ങളിൽ സ്ഥാപിച്ചു. പൊതു ശുചിമുറികളും സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു.