peppara-dam

തിരുവനന്തപുരം: വേനൽ കടുത്തതോടെ നഗരത്തിലെ കുടിവെള്ള സ്രോതസായ പേപ്പാറ ഡാമിൽ ജലനിരപ്പ് കുറഞ്ഞു.

തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ വൈകിയാൽ ഇത് നഗരത്തിലെ കുടിവെള്ള വിതരണത്തെ ബാധിക്കാൻ ഇടയുണ്ട്.നിലവിൽ 100.70 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മാർച്ചിൽ ഇത് 103.25 മീറ്ററായിരുന്നു. വേനൽമഴ ലഭിച്ചെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായി മഴ ലഭിക്കാത്തതാണ് ജലനിരപ്പ് കുറയാൻ കാരണമെന്ന് അധികൃതർ പറയുന്നു.

വേനൽമഴയിൽ വെറും അഞ്ച് സെന്റിമീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. ജില്ലയിലെ ചെമ്മുഞ്ചി മൊട്ടയിൽ നിന്ന് ഉത്ഭവിക്കുന്ന കരമനയാറിന് കുറുകെയാണ് പേപ്പാറ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. അരുവിക്കര ഡാമിന്റെ അപ്പർ ഡാമായി പ്രവർത്തിക്കുന്ന പേപ്പാറയിൽ നിന്ന് പ്രതിദിനം അരുവിക്കരയിലേക്ക് 300 ദശലക്ഷം ലിറ്റർ ജലമാണ് എത്തുന്നത്. ഇതിൽ നിന്ന് 280 ദശലക്ഷം ലിറ്റർ വെള്ളം നഗരത്തിലേക്ക് വിതരണത്തിനായി എത്തിക്കുന്നുണ്ട്. പേപ്പാറയിൽ ജലത്തിന്റെ അളവ് കുറഞ്ഞാൽ അരുവിക്കര ഡാമിലും കുറവ് വരും.

ഡാമുകൾ നവീകരിച്ചില്ല

നിർമ്മാണത്തിന് ശേഷം ഒരിക്കൽപ്പോലും അരുവിക്കര, പേപ്പാറ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങൾ ശുചീകരിക്കുകയോ ചെളി നീക്കുകയോ ചെയ്തിട്ടില്ല. എക്കലും കുളവാഴയും ആമ്പലും അക്കേഷ്യാ മരങ്ങളും നിറഞ്ഞ് പേപ്പാറ, അരുവിക്കര ഡാമുകളുടെ വൃഷ്ടിപ്രദേശം ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ഇത് ഡാമിന്റെ സംഭരണശേഷി കുറയാൻ കാരണമായി. 1983ൽ നിർമ്മിച്ച പേപ്പാറ ഡാമിൽ 2010ലാണ് അവസാനം അറ്റകുറ്റപ്പണി നടന്നത്.

സംഭരണശേഷി ഉയർത്തും


ഡാമിന്റെ പരമാവധി സംഭരണശേഷിയായ 110.5 മീറ്ററിൽ ജലം സംഭരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അധികൃതർ പറയുന്നു. ഡാം നവീകരിക്കുന്നതിനുള്ള സർവേകളും മറ്റ് നടപടികളും പുരോഗമിക്കുകയാണ്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷയും നൽകിയിട്ടുണ്ട്. ജലനിരപ്പ് ഉയർത്താൻ കേന്ദ്രം അനുവദിച്ചാൽ മൺസൂൺ കാലത്ത് കൂടുതൽ ജലം സംഭരിക്കാനാകും. കഴിഞ്ഞ മൺസൂണിന് 104.5 മീറ്ററിലാണ് ജലം സംഭരിച്ചതെങ്കിലും അത് നഗരത്തിലെ കുടിവെള്ള വിതരണത്തിന് തികയാതെ വന്നിരുന്നു. മാത്രമല്ല 'അമൃത്' എന്ന കുടിവെള്ള പദ്ധതിക്കും വാട്ടർ അതോറിട്ടിയുടെ കുപ്പിവെള്ള പദ്ധതിക്കും വെള്ളം സംഭരിക്കാൻ ഡാമിന്റെ സംഭരണശേഷി കൂട്ടിയേ മതിയാകൂ.

കൺട്രോൾ റൂമുകൾ റെഡി

കുടിവെള്ള ദൗർലഭ്യം സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ വാട്ടർ അതോറിട്ടി തുറന്നിട്ടുണ്ട്. കേന്ദ്രീകൃത നമ്പരുകൾ: 9188127950, 9188127951, 0471-2322674 (തിരുവനന്തപുരം ജില്ല). തിരുവനന്തപുരം സൗത്ത് (9188127947), നോർത്ത് (9188127948), ആറ്റിങ്ങൽ (9188127945), അരുവിക്കര (9188127946), നെയ്യാറ്റിൻകര (9188127949).

ജലനിരപ്പ് കുറഞ്ഞതിൽ ആശങ്ക വേണ്ട. വേനൽ മഴ തുടർന്നും ലഭിച്ചില്ലെങ്കിലും ജൂൺ വരെ പോകാനാകും. സംഭരണ ശേഷി ഉയർത്തി മഴക്കാലത്ത് ജലം ശേഖരിച്ചാൽ ഭാവിയിലെ പ്രതിസന്ധി ഒഴിവാക്കാം

- അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ