വയനാട്ടിലെ പൊഴുതന പഞ്ചായത്തിലെ ഇടിയം വയൽ ഗ്രാമത്തിൽ അമ്പലക്കൊല്ലി കോളനി. മഴ പെയ്താൽ വെള്ളം അകത്ത് വീഴാതിരിക്കാൻ പ്ളാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്ന ചെറിയ വീട്. വൈദ്യുതി ഇല്ല. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും ആ വീട്ടിൽ ഇല്ല. കുട്ടികളെ പഠിപ്പിച്ച് ഒരു കരയിലെത്തിക്കാനുള്ള ആഗ്രഹം അച്ഛനെയും അമ്മയേയും കൂടുതൽ അദ്ധ്വാനിക്കാൻ പ്രേരിപ്പിച്ചു.
ഇൗ സാഹചര്യത്തിൽനിന്നും ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കുക എന്ന സ്വപ്നം സാക്ഷാത്‌കരിക്കുന്നതിന് സഹായകമായത് ശ്രീധന്യയുടെ ഉറച്ച തീരുമാനവും കഠിനപ്രയത്‌നവുമായിരുന്നു. ജീവിതത്തിൽ ഒരുലക്ഷ്യം ഉണ്ടാകുകയും ആ ലക്ഷ്യത്തിൽ എത്താൻ വേണ്ടിയുള്ള ശ്രമം ഉണ്ടാകുകയും ചെയ്താൽ അത് സ്വായത്തമാകുമെന്നാണ് ശ്രീധന്യ തെളിയിച്ചിരിക്കുന്നത്. ശ്രീധന്യയെ പുതിയ തലമുറ മാതൃകയാക്കണം. ഭാവിതലമുറയ്ക്ക് പ്രചോദനം നൽകുന്ന ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് ഇടം കണ്ടെത്തുന്ന കേരളകൗമുദിയെ അഭിനന്ദിക്കുന്നു.
സി.വി. സുരേന്ദ്രൻ,
പ്രസിഡന്റ്, വക്കം സൗഹൃദവേദി.