parking

മലയിൻകീഴ്: ഗ്രാമപ്രദേശങ്ങളിലെ ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള നോപാർക്കിംഗ് ബോർഡുകളെ നോക്കുകുത്തിയാക്കി അനധികൃത പാർക്കിംഗ് വ്യാപകമാകുന്നതായി പരാതി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും അപകട സാദ്ധ്യത കുറയ്ക്കുന്നതിനുമായി സ്ഥാപിച്ച നോപാർക്കിംഗ് ബോർഡുകളാണ് അധികൃതരുടെ അനാസ്ഥ കാരണം നോക്കുകുത്തിയാകുന്നത്. മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ നോപാർക്കിംഗ് ബോർഡിന്റെ താഴെ വാഹനം പാർക്ക്
ചെയ്യുന്നത് പതിവായിട്ടുണ്ട്. മലയിൻകീഴ് ജംഗ്ഷനിൽ റോഡിന് ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയായിട്ടും പൊലീസ് ഇടപെടാറില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് മലയിൻകീഴ് ക്ഷേത്ര റോഡിന് സമീപത്ത് ബസ് സ്റ്റോപ്പ് സ്ഥാപിച്ചെങ്കിലും ബസുകൾ ഇപ്പോഴും ജംഗ്ഷനിൽ തന്നെയാണ് നിറുത്താറുള്ളത്. ചെക്കിംഗ് ഇൻസ്പെക്ടർ ഉള്ള ദിവസം രാവിലെ 8 മുതൽ 10 വരെ മാത്രമേ ക്ഷേത്ര ജംഗ്ഷനിൽ കാട്ടാക്കട നിന്നുള്ള ബസുകൾ
നിറുത്താറുള്ളു. രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പിന് കൃത്യത ഇല്ലാത്തതിനാൽ യാത്രക്കാർ ബസ് പിടിക്കാനുള്ള ഓട്ടവും പതിവാണിവിടെ. ഊരൂട്ടമ്പലം സർക്കാർ എൽ.പി സ്‌കൂളിനു മുന്നിൽ മാറനല്ലൂർ
പൊലീസ് നോപാർക്കിംഗ് ബോർഡ്‌ വച്ചതിനു തൊട്ടുമുന്നിലും പോങ്ങുംമൂട്, മാറനല്ലൂർ, കണ്ടല തുടങ്ങിയ സ്ഥലങ്ങളിൽ റോഡിനിരുവശത്തും ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങൾ പാർക്ക്
ചെയ്യുന്നുണ്ട്. പേയാട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അടുത്തടുത്ത് ഉണ്ടായ അപകട
മരണങ്ങളും കാരണമാണ് വിളപ്പിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ
റോഡിനിരുവശത്തെയും അനധികൃത കൈയ്യേറ്റം ഒഴിപ്പിച്ച് റോഡ് വീതി
കൂട്ടിയത്. എന്നാലിപ്പോൾ റോഡിന്റെ ഇരുവശത്തും ലോറികൾ ഉൾപ്പെടെയുള്ള
വാഹനങ്ങളാണ് നിത്യവും പാർക്ക് ചെയ്യാറുള്ളത്. നിരനിരയായി ചെറുതും വലുതുമായ
വാഹനങ്ങൾ ഇവിടെ എപ്പോഴുമുണ്ടാകും. സ്ഥലത്ത് പൊലീസ് ഉണ്ടാകുമെങ്കിലും ഇതൊന്നും
കണ്ടില്ലെന്ന മട്ടാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മലയം, പൊറ്റയിൽ, ചൂഴാറ്റുകോട്ട, പെരുകാവ്
തുടങ്ങിയ വിളവൂർക്കൽ പഞ്ചായത്ത് പ്രദേശത്തും അനധികൃത പാർക്കിംഗ്
വ്യാപകമായിട്ടുണ്ട്. അധികൃതർ ഇടപെട്ട് ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.