kallar-nadhi

വിതുര: ഒരാഴ്ചക്കിടയിൽ കുളിക്കാനിറങ്ങിയ നാലു പേർ കയത്തിൽ അകപ്പെട്ടതിനെ തുടർന്ന്

കല്ലാർ നദിയിൽ എത്തുന്നവർ ജാഗ്രത പുലർത്തണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കയത്തിൽ അകപ്പെട്ട നാലു പേരേയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ഏറ്റവും കൂടുതൽ അപകടവും, അപകടമരണങ്ങളും നടന്ന വട്ടക്കയം മേഖലയിലാണ് ഇവർ അപകടത്തിൽപെട്ടത്. വേനൽക്കാലമായതോടെ നദിയിൽ കുളിക്കാനിറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ജഗതിയിൽ നിന്നും പൊൻമുടി സന്ദർശിക്കാനെത്തിയ അച്ഛനും മകനും, വർക്കല, ചിറയിൻകീഴ് മേഖലയിൽ നിന്നെത്തിയ രണ്ട് യുവാക്കളുമാണ് കയത്തിൽ അകപ്പെട്ടത്. രണ്ട് മാസം മുൻപ് വട്ടക്കയത്തിൽ മുങ്ങി മരണം നടന്നിരുന്നു. അപകടമേഖലയായ വട്ടക്കയം ഉൾപ്പടെയുള്ള വിവിധ മേഖലകളിൽ അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആരും വകവയ്ക്കാറില്ല. കടുത്ത വേനലിനെ തുടർന്ന് കല്ലാർ നദിയിൽ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞെങ്കിലും മണൽകയങ്ങളിൽ വെള്ളം കെട്ടികിടക്കുന്നുണ്ട്.ഇത്തരം കയങ്ങളിൽ കുളിക്കാനിറങ്ങുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവസംഘങ്ങളിൽ ഭൂരിഭാഗം പേരും കല്ലാർ നദിയിൽ കുളിച്ചിട്ടാണ് മടങ്ങാറുള്ളത്. നദി പുറമേ ശാന്തമാണെങ്കിലും അടിത്തട്ടിത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെ തിരിച്ചറിയാൻ ഇവർക്ക് കഴിയാറില്ല. മാത്രമല്ല നദിയിൽ നിറയെ വഴുക്കൻ പാറകളുമുണ്ട്. കല്ലാറിൽ വർദ്ധിച്ചുവരുന്ന അപകടങ്ങൾക്ക് തടയിടുവാൻ ടൂറിസം ഗൈഡുകളെ നിയമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. മഴക്കാലമാകുമ്പോൾ നദിയുടെ സ്വഭാവം മാറിമറിയുകയും, ഗതി വിട്ട് ഒഴുകുകയും ചെയ്യാറുണ്ട്. 1992ൽ കല്ലാറിൽ ഉരുൾപൊട്ടുകയും പ്രദേശമാകെ വെള്ളത്തിൽ മുങ്ങുകയും, ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാകുകയും ചെയ്തിരുന്നു. ഇപ്പോൾ ഉരുൾപൊട്ടലും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പൊൻമുടി മലയടിവാരത്ത് താമസിക്കുന്നവരും ജാഗ്രതപുലർത്തണമെന്ന് നിർദ്ദേശമുണ്ട്.