വർക്കല: രാത്രി ഉത്സവം കണ്ട് മടങ്ങിയ യുവാക്കളെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ ഒന്നും രണ്ടും പ്രതികളെ സംഭവം നടന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. പരവൂർ പൂതക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അയിരൂർ ഇലകമൺ സ്വദേശികളായ ഹരിദേവ് (35), സനീഷ് (27) എന്നിവരെ വടിവാളും കമ്പി വടികളും ഉപയോഗിച്ച് വെട്ടിയും അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളാണ് അറസ്റ്റിലായത്.
2012 ഏപ്രിൽ 1ന് രാത്രി 12 മണിക്ക് ഊന്നിൻമൂട് ജംഗ്ഷനു തെക്കുവശം ഉഷാ തിയേറ്ററിന്റെ മുൻവശത്തു വച്ചാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. പൂതക്കുളം ഊന്നിൻമൂട് തിയേറ്റർ ജംഗ്ഷനു സമീപം ചരുവിളവീട്ടിൽ രാജേഷ് (29), പൂതക്കുളം തുണ്ടുവാലുവിളവീട്ടിൽ ഉണ്ണി (30) എന്നിവരും കണ്ടാൽ അറിയാവുന്ന 15ഓളം പേരടങ്ങിയ സംഘവുമാണ് യുവാക്കളെ ആക്രമിച്ചത്. വാളുകൊണ്ട് വെട്ടിയും കമ്പിവടികൊണ്ട് അടിച്ചും ഇരുമ്പ് കട്ടകൊണ്ട് മുഖത്തടിച്ചും ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം റോഡിൽ നിന്ന് വലിച്ചിഴച്ച് സമീപത്തെ പുരയിടത്തിൽ കൊണ്ടുപോയി തെങ്ങിൽ കെട്ടിയിടുകയായിരുന്നു. പരവൂർ, വർക്കല സ്റ്റേഷനുകളിൽ നിന്ന് എത്തിയ പൊലീസ് സംഘങ്ങൾ സംയുക്തമായാണ് ഗുരുതരമായി പരിക്കേറ്റ ഹരിദേവിനെയും സനീഷിനെയും ആശുപത്രിയിൽ എത്തിച്ചത്. തലയോട്ടിക്കും നെഞ്ചിനും മുഖത്തും പൊട്ടലുകളും മുറിവുകളും ഏറ്റ് ഒന്നര വർഷത്തോളം ആശുപത്രിയിലായിരുന്ന സനീഷിന്റെ സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. വിദഗ്ദ്ധ ചികിത്സയിലൂടെയാണ് സംസാരശേഷി വീണ്ടുകിട്ടിയത്. തലയ്ക്കും നെഞ്ചിനും രണ്ട് കാലിനും വെട്ടേറ്റ ഹരിദേവിന്റെ കാൽമുട്ടിനു താഴെ അടിച്ചൊടിക്കുകയും ചെയ്തിരുന്നു.
പരവൂർ പൊലീസാണ് 2012ൽ കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലം വർക്കല സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം വർക്കല പൊലീസിന് കൈമാറി. സംഘർഷം മൂലം സംഭവസ്ഥലത്ത് അന്ന് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെ കല്ലേറുമുണ്ടായി. 20ഓളം പേർ ആക്രമണത്തിൽ പങ്കെടുത്തിരുന്നെങ്കിലും കേസിലെ ഒന്നാം പ്രതി ഉണ്ണിയെയും രണ്ടാം പ്രതി രാജേഷിനെയും മാത്രമേ ആക്രമണത്തിനിരയായവർക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുളളൂ. സംഭവശേഷം രണ്ട് വർഷം കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതികൾ പൊലീസ് അന്വേഷിക്കുന്നില്ലെന്നറിഞ്ഞാണ് നാട്ടിൽ തിരിച്ചെത്തിയത്. വർക്കല പൊലീസ് അന്വേഷണം നടത്തുന്ന കേസുകളിൽ ഏറ്റവും പഴക്കം ചെന്ന കേസുകളിൽ ഒന്നായതിനാൽ പ്രതികളെക്കുറിച്ച് പൊലീസ് നടത്തിവന്ന അന്വേഷണത്തിൽ മുഖ്യ പ്രതികളായ ഉണ്ണിയും രാജേഷും പരവൂർ നെല്ലേറ്റിൽ, പൂതക്കുളം ഭാഗങ്ങളിൽ ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിനെ തുടർന്നാണ് വർക്കല എസ്.എച്ച്.ഒ ജി.ഗോപകുമാർ, എസ്.ഐ ശ്യാംജി, എ.എസ്.ഐ സുനിൽകുമാർ, എസ്.സി.പി.ഒ മാരായ മുരളീധരൻ, മധുലാൽ, സെബാസ്റ്റ്യൻ, സി.പി.ഒ നാഷ് എന്നിവരടങ്ങിയ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരൽ, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.