തിരുവനന്തപുരം: അന്തർ സംസ്ഥാന ബസ് സർവീസ് കരാറുകളിൽ ബസ് പാരിറ്റി നിബന്ധന കൊണ്ടുവരാൻ കേരളം അയൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ഇപ്പോൾ കിലോ മീറ്റർ പാരിറ്രി വ്യവസ്ഥയിലാണ് കേരളം അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ബസ് പാരിറ്റി കൊണ്ടു വന്നാലേ അന്തർ സംസ്ഥാന സർവീസുകൾ കൂടുതലായി നടത്താൻ പറ്റൂവെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.
രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ഗതാഗത കരാറുണ്ടാക്കുമ്പോൾ ഒരു സംസ്ഥാനത്തിന്റെ ബസിനു പകരം, മറ്റേ സംസ്ഥാനത്തിന്റെ ബസ് തിരിച്ച് സർവീസ് നടത്തുന്നതാണ് ബസ് പാരിറ്റി.
ഒരു കിലോമീറ്റർ നമ്മുടെ സംസ്ഥാനത്ത് സർവീസ് നടത്താൻ അനുവാദം കൊടുക്കുന്നതിന് പകരമായി അവരുടെ സംസ്ഥാനത്ത് ഒരു കിലോമീറ്റർ നമ്മൾ സർവീസ് നടത്തുന്നതാണ് കിലോമീറ്റർ പാരിറ്റി.
കിലോമീറ്രർ പാരിറ്റി പോര
ഇപ്പോൾ നിലവിലുള്ള കിലോമീറ്റർ പാരിറ്രി കെ.എസ്.ആർ.ടി.സിക്ക് നഷ്ടക്കച്ചവടമാണ്. ടിക്കറ്റ് നിരക്കും ദൂരവുമാണ് കിലോമീറ്രർ പാരിറ്രിയിലെ പാര. ചെന്നൈ ഉൾപ്പെടെയുള്ളയിടങ്ങളിലേക്ക് സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി മടിക്കുന്നതിന്റെ പ്രധാന കാരണം ഈ വ്യവസ്ഥയാണ്.
ഒരു സംസ്ഥാനത്ത് മറ്റൊരു സംസ്ഥാനത്തിന്റെ ബസ് സർവീസ് നടത്തുമ്പോൾ അതാത് സംസ്ഥാനത്തിന്റെ ടിക്കറ്റ് നിരക്കേ ഇടാക്കാൻ കഴിയൂ എന്നതാണ് വ്യവസ്ഥ. മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കുറഞ്ഞ ടിക്കറ്റ് നിരക്കായതിനാൽ അവർക്ക് ഇത് ലാഭകരവും കേരളത്തിന് നഷ്ടവുമാണ്.
ദൂരം പരിഗണിക്കുമ്പോൾ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കെത്താൻ 726 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്. 11 മണിക്കൂർ വേണം ഈ ദൂരം താണ്ടാൻ. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് ഒരു മണിക്കൂറിനകം 38 കിലോമീറ്റർ താണ്ടുമ്പോഴേക്കും കളിയിക്കാവിള പിന്നിട്ട് തമിഴ്നാട്ടിലെത്തിയിരിക്കും. ബാക്കിയുള്ള 688 കിലോമീറ്റർ സഞ്ചരിക്കേണ്ടത് തമിഴ്നാട് റോഡിലൂടെയാണ്. ഇതേ ദൂരം കേരളത്തിലൂടെ ഓടാനുള്ള അവകാശം ഇതിലൂടെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനു കിലോമീറ്റർ പാരിറ്രിയിലൂടെ കിട്ടും.
നിലവിൽ കേരളത്തിൽ നിന്നുള്ള ബംഗളൂരു സർവീസുകൾ പലതും കടന്നു പോകുന്നത് തമിഴ്നാട്ടിലെ കോയമ്പത്തൂർ വഴിയാണ്. ആ ദൂരം തമിഴ്നാടിന് കേരളത്തിലൂടെ സർവീസ് നടത്താൻ കഴിയും. ഇതവർ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ട്.
ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് സാധാരണ ദിവസങ്ങളിൽ 20 ബസ് സർവീസുകളാണുള്ളത്. 13 എണ്ണം സ്വകാര്യ കമ്പനികളുടെയും ഏഴെണ്ണം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റേയും സർവീസുകളാണ്. കെ.എസ്.ആർ.ടി.സിയുടേത് ഒന്നുപോലുമില്ല.
ബസ് പാരിറ്റി മതി
ബസ് പാരിറ്റി വ്യവസ്ഥ വന്നാൽ ചെന്നൈയിൽ നിന്നും തമിഴ്നാടിന്റെ ഒരു ബസ് തിരുവനന്തപുരത്ത് വരുമ്പോൾ പകരം തിരുവനന്തപുരത്തു നിന്നും കെ.എസ്.ആർ.ടി.സിക്ക് ഒരു സർവീസ് തിരച്ചു നടത്താൻ കഴിയും. അതുപോലെ കർണാടകം ഒരു ബസ് ഇങ്ങോട്ട് ഓടിക്കുമ്പോൾ കേരളത്തിനും അതുപോലെ തിരിച്ചു സർവീസ് നടത്താം. ബസ് പാരിറ്റി സംബന്ധിച്ച് ശക്തമായ വാദം സംസ്ഥാന സർക്കാർ ഗതാഗത കരാറുകൾ ഉണ്ടാക്കുമ്പോൾ മുന്നോട്ടു വയ്ക്കാത്തതാണ് അത് നടപ്പിലാക്കാൻ കഴിയാത്തതിന് കാരണം.
''അടുത്ത അന്തർസംസ്ഥാന കരാറുണ്ടാക്കുമ്പോൾ ബസ് പാരിറ്റിക്കുവേണ്ടി ശക്തമായ വാദം സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും''- എ.കെ. ശശീന്ദ്രൻ, ഗതാഗത മന്ത്രി