water-exloitation

കോവളം: അനിയന്ത്രിത ജലചൂഷണത്തിന്റെ ഫലമായി കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ് കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ ചപ്പാത്ത്, കരിച്ചൽ തുടങ്ങിയ പ്രദേശങ്ങൾ. സ്വകാര്യവ്യക്തികളുടെ നേതൃത്വത്തിൽ ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഇവിടങ്ങളിൽ നിന്ന് ഊറ്റിയെടുത്ത് വിൽക്കുന്നത്‌. ചപ്പാത്ത് മുതൽ ഊറ്ററ വരെയുള്ള പ്രദേശങ്ങളിലാണ് പ്രധാന ജലചൂഷണകേന്ദ്രങ്ങൾ ഉള്ളത്. ഇവരെ നിയന്ത്രിക്കാൻ ഇവിടെ ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജലചൂഷണം വ്യാപകമായതോടെ പ്രദേശത്തെ കിണറുകളെല്ലാം വറ്റിത്തുടങ്ങി. അതിനാൽ കിണറുകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാർ കുടിവെള്ളത്തിനായി കുടിവെള്ള വില്പനസംഘങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വീടിനുസമീപം കിണറുകൾ നിർമിച്ച്‌ അതിൽ മോട്ടോർ ഘടിപ്പിച്ചാണ് സംഘങ്ങൾ ജലമൂറ്റുന്നത്. ടാങ്കുകൾ സ്ഥാപിച്ച മിനി ലോറികളും ടാങ്കറുകളുമാണ് ഇവിടെനിന്നു വെള്ളം കടത്താൻ എത്തുന്നത്. നൂറ് ലിറ്റർ വെള്ളത്തിന് അൻപത് മുതൽ നൂറുരൂപവരെയാണ് വാങ്ങുന്നത്. കടുത്ത കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തീരദേശത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുമ്പോൾ ഈ വില ഇരട്ടിയാകും. പുലർച്ചെ തുടങ്ങുന്ന ജലചൂഷണം പാതിരാത്രിയിലും തുടരുമെന്ന് നാട്ടുകാർ പറയുന്നു. ഭൂഗർഭ അറകളിലെ ശുദ്ധജലം വൻതോതിൽ ഒരുസ്ഥലത്തേക്ക് മാത്രമായി ഊറ്റിയെടുക്കുന്നത് മറ്റു ജലസ്രോതസുകൾക്കും ഭീഷണിയാണ്. ആഴങ്ങളിലുള്ള ഖനനം ഭൂമിയിൽ വിള്ളലുകൾക്കും പ്രകൃതി ദുരന്തത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. സ്വാധീനമുണ്ടെങ്കിൽ ഇവിടെനിന്ന്‌ ആർക്കും കിണർ നിർമിച്ച്‌ വെള്ളം വിൽക്കാം എന്ന സ്ഥിതിയാണ്. ചപ്പാത്ത് മൂലക്കരയിൽ വർഷങ്ങളായി ജലം ഊറ്റി വിൽക്കുന്ന കേന്ദ്രമുണ്ട്. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെനിന്നാണ് വെള്ളം എത്തിക്കുന്നത്. ദിവസവും ജലമൂറ്റാനെത്തുന്ന ടാങ്കർ ലോറികളുടെ നീണ്ട നിരയാണ് ഇവിടെ കാണുന്നത്. വീടിനോടുചേർന്ന് വലിയ മതിൽ നിർമിച്ച്‌ അതിനുമുകളിൽ മറച്ചാണ് ഇവിടത്തെ ജലചൂഷണം നടക്കുന്നത്. വർഷങ്ങളായി ഇവിടെ തുടരുന്ന ജലചൂഷണം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അടിയന്തരമായി ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.