നെടുമങ്ങാട് : ഗുണ്ടാസംഘാംഗത്തെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ സംഘാംഗങ്ങളായ മൂന്ന് പേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ 2-ാം പ്രതി കരിപ്പൂര് ചന്തവിള സൂര്യാ ഭവനിൽ ജി.സുരേഷ് (49), 3-ാം പ്രതി നെടുമങ്ങാട് 10-ാം കല്ല് നാലുതുണ്ടം മേലേക്കര ശ്യാം നിവാസിൽ എ.കമ്മൽ ശ്യാം എന്ന് വിളിക്കുന്ന ശ്യാം കുമാർ (29), 4-ാം പ്രതി മഞ്ച കാവുംപുറം ഗിരിജാ ഭവനിൽ എസ്.കണ്ണൻ എന്ന കൊച്ചു കണ്ണൻ (29) എന്നിവരാണ് അറസ്റ്റിലായത്.
വാണ്ട സ്വദേശിയും പ്രതികളുടെ സുഹൃത്തുമായ ഷാനവാസിനെ കഴിഞ്ഞ 25 ന് രാത്രി ഒമ്പതോടെ നെടുമങ്ങാട് കല്ലിംഗൽ ഭാഗത്തുവച്ച് ബലം പ്രയോഗിച്ച് ഒാട്ടോയിൽ കയറ്റികൊണ്ട് പോയി മർദ്ദിച്ച് 22,250 രൂപ പിടിച്ചു പറിച്ചെന്നാണ് കേസ്.1-ാം പ്രതിയായ സി.സി പ്രശാന്ത് ഒളിവിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്നും വാഹന വില്പനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിനും കവർച്ചയ്ക്കും കാരണമെന്നും നെടുമങ്ങാട് സി.ഐ അനിൽകുമാർ പറഞ്ഞു. നെടുമങ്ങാട് ഡിവൈ.എസ്.പി വിനോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ അനിൽ കുമാർ, എ.എസ്.ഐ സാബിർ, എസ്.സി.പി.ഒ ഫ്രാങ്ക്ളിൻ, പാെലീസുകാരായ സനൽരാജ്, ബിജു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.