mortury

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ പുതിയ മോർച്ചറി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിക്കാത്തതിൽ പരാതി ഉയരുന്നു. നിർമ്മാണം പൂർത്തിയായെങ്കിലും ഇത് പ്രവർത്തന സജ്ജമാക്കിയിട്ടില്ല. പഴയ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ അഴുകിയ സംഭവം വിവാദമായതോടെ ഈ മാസം 15നു തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു ഉറപ്പ് നൽകിയിരുന്നത്. എന്നാൽ നാളിതുവരെ യൂണിറ്റ് പ്രവർത്തന സജ്ജമായില്ല. ഇനിയും പണി പൂർത്തിയാകാനുണ്ടെന്നാണ് പറയുന്നത്. പരാധീനതകൾക്ക് നടുവിൽ പഴയ മോർച്ചറിയിലെ ടേബിളുകളിലാണ് ഇപ്പോഴും പോസ്റ്റ്മോർട്ടം നടക്കുന്നത്. ഇവിടെ പോസ്റ്റ്മോർട്ടത്തിനായി ഒരു ടേബിളും, എ, ബി, സി എന്നീ മൂന്ന് ചേംബറുകളുമാണുള്ളത്. മൂന്ന് ചേംബറുകളിലുമായി 18 മൃതദേഹം സൂക്ഷിക്കാം. കാലപ്പഴക്കം ചെന്ന ചേംബറുകൾ അടിക്കടി കേടാകുന്നതും തണുപ്പ് കുറയുന്നതും മൃതദേഹം അഴുകുന്നതിനും കാരണമാകുന്നു. പുതിയ യൂണിറ്റ് ഉള്ളതിനാൽ പഴയ ഫ്രീസറുകളുടെ അറ്റകുറ്റപ്പണി ഏറെയും നിലച്ച അവസ്ഥയിലുമാണ്. ഇതുകാരണം നിരവധി സംഘർഷങ്ങളും വാഗ്വാദങ്ങളുമാണ് ഉണ്ടാകുന്നത്. ഇതിനെല്ലാം ശാശ്വത പരിഹാരമാവുമായിരുന്ന അത്യാധുനിക മോർച്ചറിയാണ് അധികൃതരുടെ അലംഭാവത്തിൽ നോക്കുകുത്തിയായത്. ഈ വിഷയത്തിൽ ആരോഗ്യ മന്ത്രി അടിയന്തരമായി ഇടപെട്ട് സത്വര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

പരാതികൾ പലത്

പരീക്ഷണ പ്രവർത്തനത്തിൽ മോർച്ചറിയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് തടസം ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു. കെട്ടിട നിർമ്മാണത്തിലെ പാളിച്ചയെ തുടർന്നാണ് പ്രവർത്തനം ആരംഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായതെന്നാണ് ജീവനക്കാർ പറയുന്നത്. പുതിയ അപ്രോച്ച് റോഡും ഓടയും പൂർത്തിയായാലുടൻ പുതിയ കുഴലുകൾ സ്ഥാപിച്ച് മലിന ജലം ഒഴുക്കിവിട്ട് പാളിച്ച പരിഹരിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഒരു പണിയും സമയബന്ധിതമായി പൂർത്തിയായില്ല.
മോർച്ചറിയോടു ചേർന്നുള്ള പുതിയ റോഡിന്റെ നിർമ്മാണ പ്രവർത്തനവും ടാർ ക്ഷാമം മൂലം തടസപ്പെട്ടിരുന്നു. ആവശ്യത്തിന് ടാർ ലഭ്യമാക്കി റോഡിന്റെ നിർമ്മാണപ്രവർത്തനം ഈ മാസം ആദ്യവാരം പൂർത്തിയാക്കിയെങ്കിലും മോർച്ചറിയുടെ പ്രവർത്തനം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. റോഡിന് നടുവിലെ ഡിവൈഡർ ജോലികളും ഭാഗികമാണ്. സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല.

പുതിയ മോർച്ചറി ഇങ്ങനെ

മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ തറനിരപ്പിന് താഴെയാണ് (ജി - 1) അത്യാധുനിക സംവിധാനമുള്ള പുതിയ മോർച്ചറി. ഇവിടത്തെ ഫ്രീസറുകളിൽ 48 മൃതദേഹം സൂക്ഷിക്കാം. അഴുകിയതുൾപ്പെടെ നാല് പോസ്റ്റ്മോർട്ടം ഒരേസമയം നടത്താനുള്ള ടേബിളുകളുമുണ്ട്.