തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും ബംഗളൂരുവിലേക്ക് സാധാരണ ദിവസങ്ങളിൽ അധികമായി കേരള, കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ 16 ബസുകൾ പുതിയതായി ആരംഭിക്കാനും. വാരാന്ത്യ, ഉത്സവ ദിവസങ്ങളിൽ 32 സർവീസുകൾ കൂടി നടത്താനും തീരുമാനമായി. ഇതു സംബന്ധിച്ച് നേരത്തെ സെക്രട്ടറിതല ചർച്ചകൾ നടന്നിരുന്നു.
യഥാക്രമം എട്ടു വീതവും 16 വീതം സർവീസുകളുമാണ് ഇരു ട്രാൻസ്പോർട്ട് കോർപ്പറേഷനുകളും നടത്തുക. ഇതിനായി കട്ടപ്പുറത്തിരിക്കുന്ന സ്‌കാനിയ ഉൾപ്പെടെ സജ്ജമാക്കി നിരത്തിലിറക്കും. വാടക വ്യവസ്ഥയിലുള്ള സ്‌കാനിയകളും ഉപയോഗിക്കും.
ചർച്ചയിൽ എത്ര ബസ് സർവീസ് വേണമെങ്കിലും നടത്താൻ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ തയ്യാറായിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ശേഷിക്കനുസരിച്ചാണ് ഇപ്പോഴത്തെ ക്രമീകരണം.
കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ തല്ലിച്ചതച്ച സംഭവത്തെ തുടർന്ന് സ്വകാര്യബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായി നടപടി സ്വീകരിച്ചുവരികയാണ്. ഇങ്ങനെ പോയാൽ സർവീസുകൾ നിറുത്തി വയ്ക്കുമെന്ന ബസുടമകളുടെ സംഘടനയുടെ ഭീഷണി മറികടക്കാനാണ് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. ഇതു സംബന്ധിച്ച് 27ന് 'കേരളകൗമുദി' റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
സ്വകാര്യ കമ്പനികളുടെ നൂറോളം ബസുകളാണ് ബംഗളൂരുവിൽ നിന്നും സംസ്ഥാനത്തെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നെല്ലാം സ്വകാര്യബസുകൾ ലഭ്യമാണ്.
# കെ.എസ്.ആർ.ടി.സിക്ക് മുതലാകുമോ?
ബസുകളിലെ സീറ്റ് റിസർവേഷൻ 80% എങ്കിലും ലഭിച്ചാൽ മാത്രമേ ബംഗളൂരു സർവീസ് ലാഭകരമാകൂ എന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. സാധാരണ ദിവസങ്ങളിൽ പലപ്പോഴും റിസർവേഷൻ 70% മാണ് ലഭിക്കുന്നത്.