leeja

തിരുവനന്തപുരം: ലീജ ന‌ൃത്തം ചെയ്യുമ്പോൾ പലപ്പോഴും ഉള്ളിൽ തെളിയുന്നു,​ രവിവർമ്മയുടെ സുന്ദര ചിത്രങ്ങൾ. അങ്ങനെ രൂപപ്പെട്ടതാണ് ‌'വരനടനം'. നിറങ്ങളെയും നൃത്തത്തെയും സമന്വയിപ്പിച്ച് കാഴ്ചക്കാരെ വിസ്മയിക്കുന്നൊരു ഏകാംഗ കലാരൂപം. നൃത്തം ചെയ്തുകൊണ്ട് ചിത്രം വരയ്ക്കുക, ഒറ്റവാചകത്തിൽ അതാണ് വരനടനം. പയ്യന്നൂർ സ്വദേശിയായ ലീജ ദിനോബ് എന്ന ഇരുപത്തിയേഴുകാരി അരങ്ങിൽ ഭരതനാട്യ ചുവടുകൾ താളം പിഴയ്ക്കാതെ തുടരുമ്പോൾ അരികിൽ ഉറപ്പിച്ച കാൻവാസിൽ നൃത്തത്തിലെ പ്രമേയത്തിന് അനിയോജ്യമായ ചിത്രവും വരയ്ക്കും.

ലോകം ഇന്ന് നൃത്തദിനം ആഘോഷിക്കുമ്പോൾ മറ്റൊരു പ്രത്യേകത കൂടി തെളിയുന്നു; വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ 171ാമത് ജന്മദിനം കൂടിയാണിന്ന്.

കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി വേദികളിൽ ലീജ തന്റെ വരനടനം അവതരിപ്പിച്ചുകഴിഞ്ഞു. പയ്യന്നൂർ കണ്ടോത്ത് കോത്തായിമുക്കിലെ മാരുതി ഓട്ടോ വർക്‌സ് ഉടമ ടി.വി .ലക്ഷ്മണന്റെയും കെ.വി.ബിന്ദുവിന്റെയും മകളായ ലീജ കുട്ടിക്കാലം മുതൽ ചിത്രകലയും നൃത്തവും ഒരുപോലെ അഭ്യസിച്ചു. കണ്ണൂർ സർവകലാശാലയിൽ നിന്ന് എം.എ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയ ലീജ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ നിന്നും ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് ഡിസ്റ്റിംഗ്ഷനോടെ പാസായി. ഇതിനിടെയാണ് വരനടനത്തെപ്പറ്റി ഗൗരവമായി ചിന്തിച്ച് തുടങ്ങിയത്. ആദ്യം പ്രകൃതിയായിരുന്നു വിഷയം. പിന്നീട് ഭക്തിയും കവിതകളും കടന്നുവന്നു. എണ്ണച്ചായം, ചാർക്കോൾ തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് ചിത്രരചന. മ്യൂറൽ, പെൻസിൽ ഡ്രോയിംഗ്, ചെണ്ട എന്നിവയും ലീജയ്ക്ക് നന്നായി വഴങ്ങും. വരയിൽ സുരേഷ് പുഞ്ചക്കാടാണ് ഗുരു. നൃത്തത്തിൽ എൻ. വി. കൃഷ്ണൻ, സീത ശശിധരൻ, ലത എടവലപ്പ്, കലാക്ഷേത്ര വിദ്യാലക്ഷ്മി എന്നിവരാണ് ഗുരുസ്ഥാനീയർ.

പയ്യന്നൂർ കണ്ടോത്ത് നൃത്തചിത്രകലാ വിദ്യാലയവും ഇവർ നടത്തുന്നുണ്ട്. എല്ലാ പ്രോത്സാഹനവുമായി ഭർത്താവ് ദിനൂപും ഒപ്പമുണ്ട്. ഒരു മാസമുള്ള ഒരു കുഞ്ഞുമുണ്ട്.

ചിത്രരചനയേയും നൃത്തത്തിനേയും ഒഴിവാക്കാനാകാത്ത സ്ഥിതിയായിരുന്നു. എന്നാൽ പിന്നെ ഒരു വേദിയിൽ ഇരുകൂട്ടരും ഒന്നിക്കട്ടെയെന്ന് തീരുമാനിച്ചു. അങ്ങനെ വരനടനമുണ്ടായി.

ലീജ ദീനോബ്