തിരുവനന്തപുരം : ഭാരത സംസ്‌കാരത്തെ വർണക്കൂട്ടുകളിലൂടെ ലോകത്തിന് മുന്നിൽ ചാലിച്ച ഇന്ത്യൻ ആധുനിക ചിത്രകലയുടെ പിതാവ് രാജാരവിവർമ്മയ്‌ക്ക് ഇന്ന് 171-ാം പിറന്നാൾ. എന്നാൽ ലോക പ്രശസ്‌ത ചിത്രങ്ങൾ പിറന്നുവീണ അദ്ദേഹത്തിന്റെ ജന്മഗൃഹമായ കിളിമാനൂർ കൊട്ടാരം അവഗണനയുടെ മാറാപ്പ് ചുമക്കുകയാണ്. കൊട്ടാരത്തിന്റെ പൂമുഖത്തേക്ക് കയറിയാൽ തന്നെ ഇത് ബോദ്ധ്യമാകും. ചിത്രക്കൂടുകൾ ചാലിച്ചിരുന്ന കൊട്ടാരം ഇന്ന് വർണങ്ങളറ്റ നിലയിലാണ്.
സംരക്ഷിത സ്‌മാരകമായ കൊട്ടാരം വർഷങ്ങളായി സർക്കാരിന് കീഴിലാണ്. കിളിമാനൂർ പാലസ് ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് മുമ്പ് നവീകരിച്ചിരുന്നത്. ഒപ്പം സംരക്ഷിത സ്‌മാരകങ്ങൾക്കായി കിട്ടുന്ന തുച്ഛമായ തുകയുമുണ്ടായിരുന്നു. 2010 ൽ ഇത് ഇല്ലാതായി. തുടർന്ന് കൊട്ടാരത്തിലെ നാടകപ്പുരയും നാലുകെട്ടും രവിവർമ്മയുടെ ചിത്രശാലയുമടക്കം നശിച്ചു തുടങ്ങി. ഇതോടെ കൊട്ടാരത്തിലെ അനന്തരാവകാശികൾ പുനരുദ്ധാരണത്തിന് ശ്രമിച്ചെങ്കിലും പ്രഗല്ഭരായ ഗവേഷകരുടെ കുറവ് കാരണം നടന്നില്ല.
2010ൽ കൊട്ടാരം നവീകരിക്കുന്നതിനായി സർക്കാർ മൂന്ന് ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണ പദ്ധതി തയ്യാറാക്കി. ആദ്യ ഘട്ടത്തിൽ 56 ലക്ഷവും രണ്ടാം ഘട്ടം 60 ലക്ഷവും അനുവദിച്ചു. തുടർന്ന് കൊട്ടാരത്തിന്റെ പൂമുഖം മോടിപിടിപ്പിച്ച് തുടങ്ങി. എന്നാൽ നടപ്പാത നിർമ്മാണം, ഒരു കുളം നവീകരണം, പെയിന്റിംഗ് എന്നിവ കഴിഞ്ഞതോടെ ഫണ്ട് തീർന്നു. ഇതോടെ മുപ്പതിലേറെ കിണറുകളിലും ഒരേക്കറിൽ പരന്നു കിടക്കുന്ന മൂന്ന് കുളങ്ങളിലുമടക്കം നവീകരണം ബാക്കിയായി. ഇതിൽ രാജാ രവിവർമ്മ പണികഴിപ്പിച്ച അയ്യപ്പക്കാവിലെ കുളവുമുൾപ്പെടും. സംരക്ഷിത സ്മാരകങ്ങൾക്ക് നൽകുന്ന ഫണ്ടിന് ഉപരിയായി കിളിമാനൂർ കൊട്ടാരം സംരക്ഷിക്കാൻ പ്രത്യേക ഫണ്ട് നൽകണമെന്നാണ് ചരിത്രകാരന്മാരുടെ ആവശ്യം.
അധികൃതരുടെ ഭാഗത്തു നിന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയില്ലെങ്കിലും കൊട്ടാരം ഞങ്ങൾ സംരക്ഷിക്കും.
-കിളിമാനൂർ രാജകുടുംബാംഗം