തിരുവനന്തപുരം: ഐ.എ.എസുകാരും പുതുതായി ഐ.എ.എസ് നേടിയവരും ഡോ.ബാബുപോളിന്റെ ജീവിതം മാതൃകയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ സംഘടിപ്പിച്ച ഡോ.ഡി.ബാബുപോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.എസ് പ്രധാനികളിൽ ഭരണ സാഹിത്യമേഖലകളിൽ ഒരുപോലെ കഴിവ് തെളിയിച്ചവർ അത്യപൂർവമാണ്. അതിലാണ് ബാബുപോളിന്റെ പ്രത്യേകത. ഭരണരംഗത്ത് ഇരുന്നുകൊണ്ട് തന്റെ ഔദ്യോഗിക ജീവിതം സാധാരണക്കാർക്ക് ഉപകാരപ്രദമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ ഇന്നുള്ള ഐ.എ.എസുകാരിൽ പലരും പെരുമാറുന്നത് തനിക്കറിയാത്ത കാര്യങ്ങൾ ഇല്ലെന്ന മട്ടിലാണ്. വിദ്യാർത്ഥിയുടെ മനസോടെയാണ് ബാബുപോൾ കാര്യങ്ങളെ സമീപിച്ചിരുന്നത്. താൻ പഠിച്ച കാര്യങ്ങൾ സമൂഹത്തിന് പകർന്നുകൊടുക്കാനും അദ്ദേഹം ആത്മാർത്ഥത കാട്ടി. മലയാളത്തെ വളരെയേറെ സ്‌നേഹിച്ചു. ഔദ്യോഗിക കാര്യങ്ങൾക്ക് പലരും ഇംഗ്ലീഷിൽ കുറിപ്പെഴുതുമ്പോൾ ബാബുപോൾ മലയാളത്തിലാണ് എഴുതിയിരുന്നത്. ജീവിതം നാടിനും ജനങ്ങൾക്കും വേണ്ടി ഉഴിഞ്ഞുവച്ച മഹദ് വ്യക്തിത്വമായിരുന്നു ബാബുപോളെന്നും പിണറായി വിജയൻ അനുസ്മരിച്ചു.
മാർത്തോമാ സഭ ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ വി.എസ് ശിവകുമാർ, ഒ.രാജഗോപാൽ, മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, ഫാ.സക്കറിയ കളരിക്കാട്, രാജൻ പി.അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.