false-vote

തിരുവനന്തപുരം : കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഉൾപ്പെട്ട കാസർകോഡ് ലോക്‌സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നതായി കളക്‌ടർമാരുടെ പ്രാഥമിക റിപ്പോർട്ടിൽ സ്ഥിരീകരിച്ചെന്ന് അറിയുന്നു. റിപ്പോർട്ടുകൾ ഇന്നലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്ക് സമർപ്പിച്ചു. ആരോപണത്തിൽ പറയുന്ന വിഡിയോദൃശ്യങ്ങൾ വ്യാജമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസിലായതെന്ന് റിപ്പോർട്ടിലുണ്ട്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാരോട് നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പൊതുമേഖലാസ്ഥാപനമായ കെൽട്രൺ ആണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഇതിന്റെ ഫുട്ടേജുകൾ രഹസ്യമല്ല. സ്ഥാനാർത്ഥികൾക്കും നടപടിക്രമങ്ങൾ പാലിച്ച് ഇതിന്റെ പകർപ്പ് ലഭ്യമാക്കാൻ അവകാശമുണ്ട്. ഇൗ ഫുട്ടേജുകൾ പരിശോധിച്ചും പ്രിസൈഡിംഗ് ഓഫീസർമാർ,പോളിംഗ് ഓഫീസർമാർ എന്നിവരിൽ നിന്ന് തെളിവെടുത്തുമാണ് കളക്ടർമാർ റിപ്പോർട്ട് തയ്യാറാക്കിയത്.

വിശദ റിപ്പോർട്ട് തേടി

എത്ര കള്ളവോട്ട് നടന്നു, എങ്ങിനെ നടന്നു, ആരൊക്കെയാണ് ഉത്തരവാദികൾ, ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കുണ്ടോ, രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ പങ്കാളിത്തം, സാന്നിദ്ധ്യം, ഭീഷണി, സുരക്ഷാവീഴ്ച എന്നിവയൊക്കെ ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടാണ് തേടിയത്. വിശദമായ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് ടിക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് തെളിഞ്ഞാൽ

ജയിലും പിഴയും

കള്ളവോട്ട് ചെയ്തവരെ തിരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 32 അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാം. രണ്ടുവർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും. കൂടാതെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 171 സി. ഡി, എഫ്. വകുപ്പുകളനുസരിച്ച് ആൾമറാട്ടം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ക്രിമിനൽ കേസെടുക്കാം. ഒരു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കും.

കള്ളവോട്ട് പ്രാഥമികമായി കണ്ടെത്തിയ സാഹചര്യത്തിൽ പൊലീസ് നടപടികൾ ആരംഭിക്കേണ്ടതാണ്.

കള്ളവോട്ടിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 1951 ലെ ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമത്തിലെ ചട്ടം 134 അനുസരിച്ച് കൃത്യവിലോപം, തിരഞ്ഞെടുപ്പ് നടപടികൾ തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്യാം.

റീപോളിംഗ്

കള്ളവോട്ട് നടന്നതായി തെളിഞ്ഞാലും മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മിഷന് കഴിയില്ല.

തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കോടതിക്കാണ് അധികാരം.

വോട്ടെണ്ണുന്നതിന് മുമ്പ് കള്ളവോട്ട് തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഈ ബൂത്തുകളിൽ റീപോളിംഗ് നടത്താം.