ജയ്‌പൂർ : പ്ളേ ഓഫിലെത്താമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും കഴിഞ്ഞദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ വിജയം രാജസ്ഥാൻ റോയൽസിന് ആത്മവിശ്വാസം പകരുന്നു. ഏറ്റവും അവസാനക്കാരായി ഫിനിഷ് ചെയ്യേണ്ടിവരുന്ന അവസ്ഥയിൽനിന്ന് രക്ഷപ്പെടാൻ രാജസ്ഥാന് കഴിയുമെന്നുതന്നെയാണ് ഈ വിജയം നൽകുന്ന സൂചന.
. ജയ്‌പൂരിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത് 160/8 എന്ന സ്കോർ.
. ഈ ലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു.
. 36 പന്തുകളിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെയാണ് സൺറൈസേഴ്സ് നിരയിലെ ടോപ് സ്കോർ.
. നായകൻ ഡേവിഡ് വാർണർ 37 റൺസ് നേടി.
. 32 പന്തുകൾ നേരിട്ട വാർണർ ഒരു ബൗണ്ടറിപോലും പായിക്കാതെയാണ് പുറത്തായതെന്നത് കൗതുകമായി.
. ഒരു ഘട്ടത്തിൽ 103/1 എന്ന നിലയിലായിരുന്ന ഹൈദരാബാദിന് തുടർന്ന് തുരുതുരാവിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്.
. രാജസ്ഥാന് വേണ്ടി ജയ്‌ദേവ് ഉനദ്ക്കദ് , വരുൺ ആരോൺ, ശ്രേയസ് ഗോപാൽ, ഒഷാനേ തോമസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
. വിജയ് ശങ്കർ (8), ഷാക്കിബ് അൽഹസൻ (9), ദീപക് ഹൂഡ (0), സാഹ (5), ഭുവനേശ്വർ (1) എന്നിവരുടെ പെട്ടെന്നുള്ള പുറത്താകലുകൾ ടീമിന്റെ താളം തെറ്റിച്ചു.
. പുറത്താകാതെ 17 റൺസടിച്ച റാഷിദ് ഖാനാണ് ഹൈദരാബാദ് ഇന്നിംഗ്സിലെ ഏക സിക്‌സ് നേടിയത്.
. മറുപടിക്കിറങ്ങിയ രാജസ്ഥാന് വേണ്ടി അജിങ്ക്യ രഹാനെ (39), ലിയാം ലിവിംഗ്സ്റ്റൺ (44), സഞ്ജു സാംസൺ (48 നോട്ടൗട്ട്), ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് (22) എന്നിവർ ഉത്തരവാദിത്വത്തോടെ ബാറ്റു വീശിയപ്പോൾ കാര്യങ്ങൾ എളുപ്പമായി.
. ഷാക്കിബിനെയും ഹുഡയെയും പുറത്താക്കിയ രാജസ്ഥാൻ ബൗളർ ജയ്ദേവ് ഉനദ് കദാണ് മാൻ ഒഫ് ദ മാച്ച്.
. ഈ സീസണിൽ രാജസ്ഥാന്റെ അഞ്ചാമത്തെ വിജയമാണ് സൺറൈസേഴ്സിനെതിരെ കണ്ടത്. 12 കളികളിൽ ഏഴെണ്ണത്തിലും രാജസ്ഥാൻ തോറ്റു. 10 പോയിന്റുകളുള്ള രാജസ്ഥാൻ പട്ടികയിൽ ഇപ്പോൾ ആറാമതാണ്.
. പ്ളേ ഓഫിൽ രാജസ്ഥാൻ കളിക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ഡൽഹിക്ക് 14 പോയിന്റുണ്ട്. ഹൈദരാബാദും പഞ്ചാബും 10 പോയിന്റുമായി രാജസ്ഥാന് മുന്നിലുണ്ട്.
പോയിന്റ് പട്ടിക
ടീം, കളി, പോയിന്റ്
ചെന്നൈ 12-16
മുംബയ് 11-14
ഡൽഹി 11-14
ഹൈദരാബാദ് 11-10
പഞ്ചാബ് 11-10
രാജസ്ഥാൻ 12-10
കൊൽക്കത്ത 11-8
ബാംഗ്ളൂർ 11-8
സ്മിത്ത് മടങ്ങുന്നു
രാജസ്ഥാൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് ഇന്നലത്തെ മത്സരത്തിനുശേഷം ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി ആസ്ട്രേലിയയിലേക്ക് മടങ്ങി. ടൂർണമെന്റിനിടെ രഹാനെയെ മാറ്റിയാണ് സ്മിത്തിനെ ക്യാപ്ടനാക്കിയത്. പുതിയ ക്യാപ്ടനെ നിശ്ചയിച്ചിട്ടില്ല.