ബാഴ്സലോണ : മുൻ ലോക ഒന്നാംനമ്പർ താരം റാഫേൽ നദാലിനെ സെമിയിൽ അട്ടിമറിച്ച് ആസ്ട്രേലിയൻ താരം ഡൊമിനിക് തീം ബാഴ്സലോണ ഓപ്പൺ ടെന്നിസിന്റെ ഫൈനലിലെത്തി. 6-4, 6-4 നാണ് തീം നദാലിനെ മുട്ടുകുത്തിച്ചത്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ തന്നെ തോൽപ്പിച്ചതിന്റെ പ്രതികാരമായി ഈ വിജയം.
ഫൈനലിൽ ഡാനിൽ മെദ്‌വ ദേവാണ് തീമിന്റെ എതിരാളി. സെമിയിൽ കെയ് നിഷികോറിയെ 6-4, 3-6, 7-5നാണ് മെദ്‌വ ദേവ് കീഴടക്കിയത്.
ആരാധകനെ ഇടിച്ച്
നെയ്‌മർ
പാരീസ് : ഫ്രഞ്ച് കപ്പ് ഫുട്ബൾ ഫൈനലിൽ റെന്നെസിനോട് ഷൂട്ടൗട്ടിൽ തോറ്റശേഷം മെഡൽ വിതരണത്തിനായി പോകവെ പാരീസ് സെന്റ് ജെർമെയ്‌ൻ താരം നെയ്‌മർ ആരാധകനെ മർദ്ദിച്ചു. സംഭവം വിവാദമായതോടെ താരം ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ചു.
ലണ്ടൻ മാരത്തോണിൽ
ഇല്ല്യൂഡ് കിപ്പോ ഗെ
ലണ്ടൻ : ലണ്ടൻ മാരത്തോണിൽ കെനിയയുടെ ഇല്ല്യൂഡ് കിപ്പോഗെ ചാമ്പ്യനായി. മാരത്തോണിലെ രണ്ടാമത്തെ മികച്ച സമയമായ 2 മണിക്കൂർ 2 മിനിട്ട് 37 സെക്കൻഡിലാണ് കിപ്പോഗെ ഫിനിഷ് ചെയ്തത്. ഇത് നാലാം തവണയാണി കിപ്പോഗെ ലണ്ടൻ മാരത്തോൺ ജേതാവാകുന്നത്. 2015, 16, 18 വർഷങ്ങളിലായിരുന്നു മുൻ കിരീടങ്ങൾ.
പുരുഷ ക്രിക്കറ്റിന്
വനിതാ അമ്പയർ
ദുബായ് : പുരുഷൻമാരുടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്ന ആദ്യവനിതാ അമ്പയറായി ആസ്ട്രേലിയക്കാരി ക്ളെയർ പോൾസാക്ക്. കഴിഞ്ഞദിവസം ഐ.സി.സി വേൾഡ് ക്രിക്കറ്റ് ലീഗിൽ ഒമാനും നമീബിയയും തമ്മിലുള്ള മത്സരമാണ് ക്ളെയർ നിയന്ത്രിച്ചത്. 2016 മുതൽ വനിതാ ക്രിക്കറ്റ് അമ്പയറാണ് 31 കാരിയായ ക്ളെയർ.
കേരളത്തിന് വെള്ളി
നോയ്‌ഡ : ജൂനിയർ എൻ.ബി. എ ദേശീയ ഫൈനലിൽ കേരളത്തിന്റെ പെൺകുട്ടികൾക്ക് വെള്ളിമെഡൽ. ഫൈനലിൽ പശ്ചിമമേഖലാ ടീമിനോട് 49-78 ന് തോൽക്കുകയായിരുന്നു കേരള ടീം.