ipl-sachin-conflict-of-in
ipl sachin conflict of intrerst

മുംബയ് : ഐ.പി.എൽ ഫ്രാഞ്ചൈസി മുംബയ് ഇന്ത്യൻസിൽനിന്ന് താൻ സാമ്പത്തികം പറ്റുന്നില്ലെന്ന് ടീമിന്റെ ഐക്കണായ സച്ചിൻ ടെൻഡുൽക്കർ.

ബി.സി.സി.ഐ ഓബുഡ്‌സ്‌മാനെ അറിയിച്ചു. ബി.സി.സി.ഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി അംഗമായ സച്ചിൻ ടെൻഡുൽക്കർക്ക് ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ സപ്പോർട്ടിംഗ് സ്റ്റാഫായി തുടരുന്നത് ഭിന്നതാത്പര്യവിഷയം ഉയർത്തുന്നുവെന്ന മദ്ധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ സഞ്ജീവ് ഗുപ്ത പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഓബുഡ്‌സ്മാൻ കം എത്തിക്സ് ഓഫീസറായ റിട്ടയേഡ് ജസ്റ്റിസ് ഡി.കെ. ജെയിൻ സച്ചിന് നോട്ടീസ് നൽകിയിരുന്നു. ഇതിനാണ് സച്ചിൻ കാര്യങ്ങൾ വ്യക്തമാക്കി ഇന്നലെ മറുപടി നൽകിയത്.

താൻ മുംബയ് ഇന്ത്യൻസിന്റെ ഐക്കണായി നിൽക്കുന്നതിന് ഫ്രാഞ്ചൈസിയിൽ നിന്ന് പണം പറ്റുന്നില്ല. ടീമിന്റെ തീരുമാനങ്ങളെടുക്കുന്നതിൽ തനിക്ക് റോളൊന്നും ഇല്ലെന്നും സച്ചിൻ അറിയിച്ചിട്ടുണ്ട്.

2015 ലാണ് താൻ ബി.സി.സി.ഐ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെട്ടത്. എന്നാൽ മുംബയ് ഇന്ത്യൻസുമായുള്ള ബന്ധം അതിന് മുന്നേ തുടങ്ങിയതാണ്. ഇപ്പോൾ ടീമിലെ യുവതാരങ്ങൾക്ക് പ്രചോദനം നൽകുക മാത്രമാണ് ചെയ്യുന്നത്. മുംബയ് ഇന്ത്യൻസിന് മുഖ്യപരിശീലകനും ബാറ്റിംഗിനും ബൗളിംഗിനും പ്രത്യേക പരിശീലകരുമുണ്ട്. ടീം മാനേജ്മെന്റിനെയും കളിക്കാരെയും ഏകോപിപ്പിക്കാൻ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറുമുണ്ട്. തനിക്ക് ഇതിലൊന്നും യാതൊരു പങ്കുമില്ല- സച്ചിൻ മറുപടിയിൽ പറയുന്നു.

അതേസമയം സൺറൈസേഴ്സ് ഹൈദരാബാദിന്റെ മെന്ററായ വി.വി.എസ്. ലക്ഷ്മണിനെതിരെയും ഇതേ പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് ലക്ഷ്മൺ ക്രിക്കറ്റ് ഉപദേശക സമിതിയിലെ സ്ഥാനം ഒഴിയാൻ തയ്യാറായി.