ന്യൂഡൽഹി: സീസണിലെ എട്ടം വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതേക്കുയർന്ന ഡൽഹി ക്യാപ്പിറ്റൽസ് പ്ളേ ഒഫ് ബർത്ത് ഉറപ്പാക്കി.
ഇന്നലെ ഡൽഹിയിൽ നടന്ന മത്സരത്തിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിനെ 16 റൺസിനാണ് ക്യാപ്പിറ്റൽസ് കീഴടക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡൽഹി 187/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ബാംഗ്ളൂരിന് 20 ഓവറിൽ 171/7 ലേ എത്താനായുള്ളൂ. സീസണിലെ എട്ടാം തോൽവിയോടെ ബാംഗ്ളൂർ പട്ടികയിലെ അവസാന സ്ഥാനത്ത് തുടരുകയാണ്.
ഇന്നലെ ശിഖർ ധവാൻ (50), നായകൻ ശ്രേയസ് അയ്യർ (52) എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്. ഓപ്പണർ പൃഥ്വി ഷാ 18 റൺസെടുത്ത് പുറത്തായശേഷം ധവാനും അയ്യരും ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. ധവാൻ 37 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടിച്ച് അയ്യർ 37 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി.
ഇരുവർക്കും പിന്നാലെ ഋഷഭ് പന്ത് (7), കോളിൻ ഇൻഗ്രാം (11) എന്നിവരും പുറത്തായെങ്കിലും റുതർ ഫോർഡ് (28 നോട്ടൗട്ട്), അക്ഷർ പട്ടേൽ (16 നോട്ടൗട്ട്) എന്നിവർ ചേർന്ന് 187 ലെത്തിക്കുകയായിരുന്നു. ബാംഗ്ളൂരിന് വേണ്ടി ചഹൽ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ്, വാഷിംഗ്ടൺ സുന്ദർ, സെയ്‌നി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ബാംഗ്ളൂരിന് പാർത്ഥിവ് പട്ടേലും (39), ക്യാപ്ടൻ വിരാട് കാെഹ്‌ലിയും (23) ചേർന്ന് മാന്യമായ തുടക്കം നൽകി.. എന്നാൽ തുടർന്നുവന്ന ഡിവില്ലിയേഴ്സ് (17), ശിവം ദുബെ (24), ക്ളാസൻ (3), ഗുർക്കീരത്ത് സിംഗ് (27) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായതാണ് തിരിച്ചടിയായത്. സ്റ്റോയ്‌നിസ് 32 റൺസുമായി പുറത്താകാതെ നിന്നു.
ഡൽഹിക്കുവേണ്ടി റബാദയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇശാന്ത്, അക്ഷർ പട്ടേൽ, റൂതർ ഫോർഡ് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. ശിഖർ ധവാനാണ് മാൻ ഒഫ് ദ മാച്ച്.
ഇന്നത്തെ മത്സരം
ഹൈദരാബാദ് Vs പഞ്ചാബ്
രാത്രി 8 മുതൽ
ഓറഞ്ച് ക്യാപ്
ഡേവിഡ് വാർണർ (ഹൈദരാബാദ്)
611 റൺസ്
പർപ്പിൾ ക്യാപ്
റബാദ (ഡൽഹി)
25 വിക്കറ്റുകൾ